മുട്ടിൽ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം: നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി
Mail This Article
കൊച്ചി∙ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. രാഷ്ട്രീയ, മാധ്യമ വേട്ടയാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ അറസ്റ്റുണ്ടായേക്കുമെന്നും അതുകൊണ്ടുതന്നെ കോടതി ഇടപെടണം എന്ന ആവശ്യവുമായാണ് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ മുൻകൂർ ജാമ്യം തേടിയത്.
വില്ലേജ് ഓഫിസറുടെ ഉൾപ്പടെ അനുമതി വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്നും കേസ് നിലനിൽക്കുന്നതല്ല എന്നുമാണ് പ്രതികൾ കോടതിയിൽ ഉയർത്തിയിരിക്കുന്ന വാദം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിലെ മരം മുറിച്ചത്. വനം വകുപ്പിനെ മുൻകൂട്ടി അറിയിച്ച ശേഷമാണ് മരങ്ങൾ മുറിച്ചതെന്നും ഇവർ വാദിക്കുന്നു.
അതേസമയം പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള 39 കേസുകൾ എടുത്തുകാണിച്ചാണ് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇതേ കേസിൽ മറ്റു രണ്ടു പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായും സർക്കാർ കോടതിയെ അറിയിച്ചു. ഈ രണ്ടു കേസുകളും ഒരുമിച്ചു പരിഗണിക്കണം എന്ന ആവശ്യവും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ രണ്ടു കേസുകളും ഒരുമിച്ചു പരിഗണിക്കരുത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ ആവശ്യം.
രണ്ടു ദിവസത്തിനകം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് രണ്ടു ദിവസത്തിനകം വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
English Summary: Muttil tree felling case anticipatory bail: Kerala High Court seeks decision from government