ADVERTISEMENT

തിരുവനന്തപുരം ∙ പത്തനാപുരം പാടത്തു കണ്ടെത്തിയ ജലറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിറപ്പിള്ളിയിലെ സ്വകാര്യ കമ്പനിയിലാണെന്നു തിരിച്ചറിഞ്ഞു. കശുവണ്ടി തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണു നിഗമനം. കേസിൽ  പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.

തിരുച്ചിറപ്പിള്ളിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണു ജലറ്റിൻ സ്റ്റിക്ക് നിർമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലറ്റിൻ സ്റ്റിക്ക് ആണിത്. ഡിറ്റനേറ്ററുകൾ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കാൻ കഴിയാത്തവയാണ്. എന്നാൽ, നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റനേറ്റർ ബോംബ് നിർമാണം പരിശീലിപ്പിക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു.  

ജലറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണു വിറ്റതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ബാറ്ററികളിലെ തുരുമ്പിന്റെ സാന്ദ്രത, സ്ഫോടക വസ്തുക്കളുടെ സമീപത്തെ പുല്ലുകളുടെ വളർച്ച തുടങ്ങിയവ പരിശോധിച്ചാണ് ഇവ ഉപേക്ഷിച്ചത് മൂന്നാഴ്ച മുൻപായിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. കേരള വനം വികസന കോർപറേഷന്റെ ഉടമസ്ഥതയിലെ 10.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കശുമാവിൻ തോട്ടമാകെ പരിശോധിക്കാനാണു തീരുമാനം.

പൊലീസ്, വനംവകുപ്പ് സംയുക്ത റെയ്ഡ് തുടരും. തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥർ സമീപ പ്രദേശത്തുള്ളവരെ കണ്ട് അന്വേഷണം നടത്തി. പാടം മേഖലയിലെ കഴിഞ്ഞ ഒരു വർഷം മുതലുള്ള ഫോൺകോളുകളും പരിശോധിച്ചു വരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസവും സ്ഥലത്ത് എത്തിയതായി വിവരമുണ്ട്.

English Summary: The gelatin stick found in the Pathanapuram was identified as being manufactured by Trichy, Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com