ADVERTISEMENT

ന്യൂഡല്‍ഹി ∙ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളും മറ്റും അതീവ ദുഷ്‌കരമായ കാലാവസ്ഥയിലും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധകാല അടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 12 റോഡുകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശിലാണ് ഇതില്‍ 9 പാതകളും. ലഡാക്കിലും ജമ്മുവിലുമാണു മറ്റുള്ളവ. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആരെങ്കിലും കടന്നുകയറ്റത്തിനു ശ്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന് അസമില്‍ നടന്ന ചടങ്ങില്‍ രാജ്‌നാഥ് പറഞ്ഞു. 

സൈനികരെയും ആയുധങ്ങളും എത്രയും പെട്ടെന്ന് അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പൂര്‍ണമായ അയവ് വരാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. ഇപ്പോഴും അറുപതിനായിരത്തോളം സൈനികരാണ് അതിര്‍ത്തി മേഖലയിലുള്ളത്.

ചൈനാ അതിര്‍ത്തിയില്‍ 4,643 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. 74 പാലങ്ങളും 33 ബെയ്‌ലി പാലങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചിട്ടുണ്ട്. ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര, ഡെംചോക് മേഖലകളില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ ചൈന തയാറായിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ റോഡ്, സൈനികര്‍ക്കുള്ള താമസസൗകര്യം, ഹെലിപാഡ് എന്നിവ ചൈന നിര്‍മിക്കുന്നുണ്ട്.

English Summary: India cranking up border infrastructure to narrow gap with China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com