ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ സാധാരണക്കാരെ ശാക്തീകരിക്കാനെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇന്ത്യയുടെ മറുപടി. പൊതുജനങ്ങൾ ഉൾപ്പെടെ വിവിധ തലത്തിൽനിന്നുള്ള ആളുകളുമായി ചർച്ച നടത്തിയതിനു ശേഷമാണ് പുതിയ നിയമങ്ങൾ രൂപീകരിച്ചതെന്ന് ഇന്ത്യ അറിയിച്ചു. 

യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തുവന്നിരുന്നു. പുതിയ ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അതിൽ ഇന്ത്യ മാറ്റം വരുത്തണമെന്നും അഭ്യർഥിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. 

‘സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധരണക്കാരെ ശക്തിപ്പെടുത്താനാണ് പുതിയ ഐടി നിയമങ്ങൾ. സമൂഹമാധ്യമങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്നവർക്ക് അവരുടെ പ്രശ്നങ്ങളും വിഷമതകളും പങ്കുവയ്ക്കാൻ ഒരു വേദി ആവശ്യമാണ്. വിവിധ തലങ്ങളിലുള്ള ഗുണഭോക്താക്കളുമായി ചർച്ച ചെയ്തതിനു ശേഷമാണ് ഇന്ത്യ പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. 

സമൂഹമാധ്യമങ്ങളിലൂടെയും മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയുമുള്ള ചൂഷണത്തിന് ഇരയാകുന്നവരുടെയും ദുരുപയോഗം ചെയ്യുന്നവരുടെയും എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിൽ ഒരു നടപടി കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഭീകരരെ റിക്രൂട്ട് ചെയ്യുക, അശ്ലീല ഉള്ളടക്കങ്ങളുടെ പ്രചാരണം, സാമ്പത്തിക തട്ടിപ്പ്, കലാപത്തിനുള്ള ആഹ്വാനം എന്നിവ വർധിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ആദ്യമായി വിവരം കൈമാറിയ ആളുടെ വിവരങ്ങൾ അന്വേഷിക്കുന്നതിലൂടെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പുതിയ ഐടി നിയമം ആവശ്യപ്പെടുന്നുള്ളൂ.’– സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു. 

പുതിയ ഐടി നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വാദം തെറ്റാണെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെല്ലാം നന്നായി ചിട്ടപ്പെടുത്തിയതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഒരു സ്വതന്ത്ര നിയമവ്യവസ്ഥയും ശക്തിമായ മാധ്യമവും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയിൽ ഇന്ത്യ വ്യക്തമാക്കി.

English Summary: India's response to UNHRC concerns: 'New IT rules designed to empower ordinary users of social media'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com