'ഒടുവിൽ നിശ്ചലമായവൾ വീടിന്റെ ഉമ്മറത്ത്; അപമാനമാണിത്, അവസാനിപ്പിച്ചേ മതിയാകൂ'
Mail This Article
കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെന്ന യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. സ്ത്രീധനമെന്ന പരിപാടി അവസാനിപ്പിക്കണം. ഇനിയൊരു പെണ്ണിനും ഈ ഗതിയുണ്ടാകരുത്. സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവാക്കള്‍ തീരുമാനിക്കണം. സ്ത്രീധനം ചോദിച്ചു വരുന്നവനൊപ്പം വിവാഹത്തിന് ഞാനില്ലെന്ന് പറയാന്‍ ഓരോ പെണ്ണിനും കഴിയണമെന്നും റഹീം പ്രതികരിച്ചു.
റഹീമിന്റെ കുറിപ്പ്
ഇനിയൊരു പെണ്ണിന്റെ സ്വപ്നവും സ്ത്രീധനത്തിന്റെ പേരിൽ അവസാനിക്കരുത്. സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവാക്കൾ തീരുമാനിക്കണം. അതാണ് ധീരത. സ്ത്രീധനം ചോദിച്ചു വരുന്നവനൊപ്പം വിവാഹത്തിന് ഞാനില്ലെന്ന് പറയാൻ ഓരോ പെണ്ണിനും കഴിയണം. ഞങ്ങളുടെ കുട്ടികളെ വില പറഞ്ഞു വില്പനയ്ക്ക് വയ്ക്കാൻ മനസ്സില്ലെന്ന് എന്തുകൊണ്ടാണ് അച്ഛനമ്മമാർക്ക് ഇനിയും പറയാൻ നാവുയരാത്തത്? ധൂർത്തും സ്ത്രീധനവും നിർബന്ധമായ മലയാളിയുടെ വിവാഹ ശീലങ്ങൾ മാറിയേ മതിയാകൂ. നിറയെ നിറങ്ങളോടെ പൂത്തു നിൽക്കേണ്ട ഒരു പൂവാണ് നമുക്ക് മുന്നിൽ ജീവനറ്റ് കിടക്കുന്നത്. പഠിക്കാൻ മിടുക്കി. നാടിന്, ആരോഗ്യ മേഖലയിൽ ദീർഘമായ കാലം സേവനം നൽകേണ്ട ഒരു പ്രതിഭയാണ് ഒരു മുഴം കയറിൽ അവസാനിച്ചത്. കൊന്നതാണോ, സ്വയം അവസാനിപ്പിച്ചതാണോ? അറിയില്ല, പൊലീസ് അന്വേഷിക്കട്ടെ. പക്ഷേ നമുക്ക് അവസാനിപ്പിക്കണം ഈ ദുരാചാരവും നിഷ്ഠൂരമായ പീഢനങ്ങളും.
കൊല്ലപ്പെടുന്നവരെയോ നിവൃത്തികെട്ട് ആത്മഹത്യ ചെയ്യുന്നവരെയോ കുറിച്ചുമാത്രമാണ് സാധാരണ നമ്മൾ സംസാരിക്കുന്നത്. അതിനുമപ്പുറത്താണ് യാഥാർഥ്യം. കരഞ്ഞും തളർന്നും സ്വയം ഉരുകിയും 'താലിച്ചരടിന്റെ പവിത്രത' കാക്കാൻ ജീവിച്ചു തീർക്കുന്ന സ്ത്രീകളാണ് കൂടുതലും. നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല. നിയമങ്ങൾകൊണ്ട് മാത്രം ഈ നെറികെട്ട സംസ്കാരം ഇല്ലാതാവുകയുമില്ല. ഒരു തലമുറ ഉറച്ച തീരുമാനമെടുക്കണം. ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന്. വിസ്മയയ്ക്ക് സ്ത്രീധനമായി കൊടുത്തത് ഒരുകിലോ സ്വർണവും, ഒന്നേകാൽ ഏക്കർ ഭൂമിയും, താരതമ്യേനെ വിലകൂടിയ ഒരു കാറുമായിരുന്നു. കാറിന് മൈലേജ് പോരത്രേ!!! അവിടെ തുടങ്ങിയതായിരുന്നു പ്രശ്നങ്ങളെന്ന് അച്ഛനും സഹോദരനും പറയുന്നു.
ഇരുപത് വയസ്സ് മാത്രം പിന്നിട്ട അവളുടെ ശരീരം അതിന്റെ പേരിൽ ഏൽക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങൾ. ഒടുവിൽ നിശബ്ദമായി, നിശ്ചലമായി അവൾ വീടിന്റെ ഉമ്മറത്ത്. തന്റെ നല്ലകാലം മുഴുവൻ മരുഭൂമിയിൽ പണിയെടുത്ത പ്രവാസിയായിരുന്നു അച്ഛൻ. ഉള്ള് തകർന്ന് നിൽക്കുന്ന ഈ മനുഷ്യർക്ക് മുന്നിൽ നമ്മുടെ വാക്കുകൾ മരവിച്ചുപോകും. ആർക്കാണ് ഇവരെ ആശ്വസിപ്പിക്കാനാവുക? സമീപകാലത്ത് ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നു. അപമാനമാണ് ഇത് കേരളത്തിന്. നമുക്ക് ഇത് അവസാനിപ്പിച്ചേ മതിയാകൂ. നമ്മൾ തന്നെയാണ് ഇത് അവസാനിപ്പിക്കേണ്ടത്.
ഒരു മതവിശ്വാസവും സ്ത്രീധനം വിഭാവനം ചെയ്യുന്നില്ല. സ്വർണ്ണവും വിവിധ ധൂർത്തിന്റെ സാധ്യതകളും ചേരുന്ന ഒരു നല്ല കമ്പോളമാണ് ഇന്ന് വിവാഹം. അതിങ്ങനെ ദിനംപ്രതി വികസിക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും പുതിയ ആർഭാടങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. ആർഭാടങ്ങൾക്ക് പണമുണ്ടാക്കാൻ മലയാളി എത്ര വേണമെങ്കിലും കടക്കാരനാകും. നാലാൾമധ്യത്തിൽ നമ്മൾ കുറഞ്ഞുപോകരുതല്ലോ? സ്ത്രീധനത്തിനും ആർഭാടത്തിനും വകയില്ലാത്തതിന്റെ പേരിൽ വിവാഹം തന്നെ നീണ്ടുപോവുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന എത്രയോ അനുഭവങ്ങൾ നമുക്ക് ഓരോരുത്തർക്കും ഓര്മയുണ്ടാകും.
ഒരാണും പെണ്ണും ഒരുമിച്ചു ജീവിക്കാൻ ഈ കെട്ടുകാഴ്ചകൾ ഒന്നും ആവശ്യമില്ലെന്നു ഇനിയും മലയാളികൾ തിരിച്ചറിയാൻ വൈകരുത്. ശക്തമായ പ്രചാരണം നമുക്ക് നടത്താനാകണം. അഭിമാനമുള്ള ഒരു യൗവ്വനവും ഇനിമേൽ ഇപ്പണിക്കില്ലെന്ന് ഉറക്കെ പറയാനാകണം.
വിസ്മയയ്ക്ക് വിട.. അവളുടെ അരികിൽനിന്ന് കൂടപ്പിറപ്പ് വിങ്ങിക്കരഞ്ഞു പറഞ്ഞുകൊണ്ടേയിരുന്നു, ഇനിയൊരു പെങ്ങൾക്കും ഈ ഗതി വരരുതെന്ന്. പ്രിയപ്പെട്ടവരെ കേൾക്കാതെ പോകരുത് ഈ ഇടറിയ ശബ്ദങ്ങൾ.
English Summary: AA Rahim on Kollam Vismaya Death, Dowry Harassment