ADVERTISEMENT

ഗുവാഹത്തി∙ ‘നാം രണ്ട് നമുക്ക് രണ്ട്’ നയം നടപ്പാക്കാനൊരുങ്ങി അസം സർക്കാർ. നിയമസഭയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. രണ്ടു കുട്ടികൾ എന്ന നയം പിന്തുടരുന്നവർക്കുമാത്രമേ സർക്കാർ ജോലിയും ക്ഷേമപദ്ധതികളും ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് നിയമം ഒരുങ്ങുന്നതെന്നാണ് സൂചന.

നിയമത്തിന്റെ വശങ്ങളെക്കുറിച്ചും എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ചും പഠിച്ചു വരുന്നതേയുള്ളൂവെന്നും അന്തിമമായിട്ടില്ലെന്നും പാർലമെന്ററി കാര്യ മന്ത്രി പിജുഷ് ഹസാരിക വ്യാഴാഴ്ച വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ നയം നടപ്പാക്കിയിട്ടുണ്ട്. ഇനി സർക്കാർ ജോലി, ക്ഷേമ പദ്ധതികൾ തുടങ്ങിയവയിലേക്കും ഇതു നീട്ടണം, ഹസാരിക പറയുന്നു.

1994ലെ അസം പഞ്ചായത്ത് നിയമം പരിഷ്കരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും വീട്ടിൽ ശുചിമുറി ഉള്ളവരും എന്നതിനൊപ്പം പരമാവധി രണ്ടുകുട്ടികൾ മാത്രം ഉള്ളവർക്കേ തിരഞ്ഞെടുപ്പിൽ മത്സരിക്കാവൂ എന്ന ഭേദഗതിയും 2018ൽ കൊണ്ടുവന്നിരുന്നു. രണ്ടു കുട്ടികൾ നയം കൊണ്ടുവരുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപനം നടത്തുകയും ചെയ്തു.

അതേസമയം, രണ്ടു കുട്ടികൾ നയം പ്രധാനമായും ബംഗ്ലദേശിൽനിന്നു കുടിയേറിയ മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് വിമർശനമുണ്ട്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തദ്ദേശീയരെ സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്താണ് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുനേടി ജയിച്ചത്.

English Summary: Assam May Bring Law To Enforce 2-Child Policy Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com