‘പപ്പയെ പരാസ് ഒറ്റി; രാമനായ മോദിയുടെ ഹനുമാനായിട്ടും എന്നെ സഹായിച്ചില്ല’
Mail This Article
ന്യൂഡൽഹി ∙ അട്ടിമറിയിലൂടെ ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) നിയന്ത്രണം പശുപതി പരാസ് ഏറ്റെടുത്ത കഠിനസമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും അങ്ങനെയുണ്ടായില്ലെന്നും ചിരാഗ് പസ്വാൻ. എൽജെപി സ്ഥാപക നേതാവ് റാം വിലാസ് പസ്വാന്റെ മകനും എംപിയുമാണു ചിരാഗ്.
കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ച റാം വിലാസ് പസ്വാനെ പശുപതി പരാസ് ഒറ്റിക്കൊടുത്തുവെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചിരാഗ് ആരോപിച്ചു. ബിജെപിയുടെയും മോദിയുടെയും കാര്യത്തിൽ താൻ നിരാശനാണെന്നും പറഞ്ഞു. എൽജെപിയുടെ 6 എംപിമാരിൽ 5 പേരും ചേർന്നു ചിരാഗിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശീയ നിർവാഹക സമിതി യോഗം വിളിച്ചാണു ചിരാഗിനെ പുറത്താക്കിയത്.
‘പാർട്ടി ഒറ്റക്കെട്ടാണ്. പാർട്ടി സമിതിയിലെ 66 അംഗങ്ങൾ എന്റെ കൂടെയുണ്ട്. ജില്ലാതലത്തിലുള്ള 35 പേരിൽ 33 പേരും എനിക്കൊപ്പമാണ്. അതിൽ സന്തുഷ്ടനാണ്. പക്ഷേ കുടുംബത്തിന്റെ കാര്യമെടുത്താൽ, തീർച്ചയായും വഞ്ചന നടന്നിട്ടുണ്ട്. എന്നോടുള്ളതിനേക്കാൾ പപ്പയോടുള്ള (റാം വിലാസ് പസ്വാൻ) വിശ്വാസവഞ്ചനയാണ് അത്. പശുപതി പരാസിനു പപ്പയുമായി നല്ല അടുപ്പമായിരുന്നു. അദ്ദേഹം എന്നേക്കാൾ മൂത്തതാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും എന്നോടു പറയാമായിരുന്നു, ഒരുമിച്ചു പരിഹരിക്കാമായിരുന്നു.
എന്നാൽ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്തില്ല. അദ്ദേഹം ചെയ്ത രീതി പപ്പയെ ഒറ്റിക്കൊടുക്കുന്നതാണ്. എവിടെയായിരുന്നാലും പപ്പ ഇതുകണ്ടു സന്തോഷക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഒരു പാർട്ടിയെ ഒറ്റിക്കൊടുക്കുന്നവർക്കു പാർട്ടിയെ കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നു രാജ്യത്തെ നിയമം പറയുന്നു. പാർട്ടി എന്നോടൊപ്പമാണ്. ആരാണു പാർട്ടി എന്ന് എംപിമാർക്കു തീരുമാനിക്കാൻ കഴിയില്ല. എംപിമാരല്ല, അംഗങ്ങളാണു പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത്. 5 എംപിമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി. അവർക്കു പാർലമെന്റിൽ സ്വതന്ത്ര എംപിമാരാകാം.
പുറത്താക്കപ്പെട്ടവർക്കു സഭയിൽ എൽജെപിയെ പ്രതിനിധീകരിക്കാൻ കഴിയില്ല. ഇപ്പോൾ ബിജെപിയുൾപ്പെടെ ആരിലും പ്രതീക്ഷ വയ്ക്കുന്നില്ല. സ്വന്തം കുടുംബം ഒറ്റിക്കൊടുക്കുമ്പോൾ മറ്റുള്ളവരിൽനിന്ന് എന്തു പ്രതീക്ഷിക്കാനാകും? അച്ഛന്റെ സ്ഥാനത്തു കണ്ടിരുന്ന അമ്മാവൻ വരെ ചതിച്ചു. എന്റെ രാമന്റെ (നരേന്ദ്ര മോദി) ഹനുമാനാണു ഞാനെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഹനുമാൻ എന്ന നിലയിൽ കഴിയുന്നതെല്ലാം ചെയ്തു. മോദിയെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും സർവാത്മനാ പിന്തുണച്ചു.
എന്റെ പ്രധാനമന്ത്രിയെ പിന്തുണച്ചു. ഞാൻ ജീവിതത്തിലെ മോശം ഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് എന്റെ പ്രധാനമന്ത്രി, ഞാൻ അദ്ദേഹത്തിന് വേണ്ടി ചെയ്തതുപോലെ എന്നോടൊപ്പം നിൽക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ വളരെ വേഗം ഒരുകാര്യം മനസ്സിലാക്കി. ഞാൻ സ്വന്തം നിലയ്ക്കാണ് എല്ലാവരെയും സഹായിച്ചത്, ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.’– ചിരാഗ് പറഞ്ഞു.
English Summary: "Papa Not Happy, Wherever He Is": says Chirag Paswan