ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ബിനു പി. ചാക്കോ വീണ്ടും അറസ്റ്റിൽ
Mail This Article
കൊച്ചി∙ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടിൽ ബിനു പി. ചാക്കോ വീണ്ടും അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ പാലാരിവട്ടം പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നൽകാമെന്ന് അവകാശപ്പെട്ട് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഇടുക്കി സ്വദേശിനിയാണ് പരാതി നൽകിയിരിക്കുന്നത്.
പാലാരിവട്ടത്തെ ബാങ്കിലെ അക്കൗണ്ടിലേക്കു പണം ഇട്ടു നൽകിയതിനെ തുടർന്നാണു യുവതി പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയത്. കസ്റ്റഡിയിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. നേരത്തെയും സമാന പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു.
കാത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു. റെയിൽവേയിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
English Summary: Bank job fraud: Binu P Chacko arrested again