ADVERTISEMENT

ജമ്മു ∙ വ്യോമസേനാ താവളത്തിനു നേരെ ഡ്രോണ്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ കഴിഞ്ഞ രാത്രി സൈനിക കേന്ദ്രത്തിനു സമീപമെത്തിയ രണ്ട് ഡ്രോണുകളെ സൈനികര്‍ വെടിവച്ച് തുരത്തി. ജമ്മുവിലെ കലൂചക് സൈനിക കേന്ദ്രത്തിനു സമീപത്താണ് രാത്രി 11.30 ന് ആദ്യ ഡ്രോണ്‍ കാണപ്പെട്ടത്.

ബ്രിഗേഡ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതു ശ്രദ്ധയില്‍പെട്ട ഉടൻ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ക്വിക്ക് റിയാക്‌ഷന്‍ ടീം ഡ്രോണിനു നേരേ വെടിവയ്ക്കുകയും ചെയ്തു. പുലർച്ചെ 1.30 ഓടെ എത്തിയ രണ്ടാമത്തെ ഡ്രോണിനു നേരെയും വെടിവച്ചു. ഇതോടെ ഡ്രോണുകള്‍ പറന്നകന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സേനയുടെ ജാഗ്രത മൂലം വന്‍ ഭീഷണി ഒഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

ഞായറാഴ്ചയാണ് വ്യോമതാവളത്തിനു നേരേ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ആറു മിനിറ്റ് ഇടവിട്ട് രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്നു ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു.

രാജ്യത്ത് സേനാ താവളങ്ങളിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തിയത് പാക്ക് ഭീകരരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

English Summary: 2 Drones Seen Near Military Station In Jammu, Were Fired At

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com