'പുറത്തുവന്നത് സിപിഎമ്മിന്റെ തനിനിറം; അപമാനം സഹിച്ച് മുന്നണിയില്‍ തുടരണോ?'
Mail This Article
കൊച്ചി∙ കേരള കോണ്‍ഗ്രസും ജോസ് കെ. മാണിയും ഇടതു മുന്നണിയില്‍ നിന്നു പുറത്തു വരണമെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ്. മണ്‍മറഞ്ഞിട്ടും കെ.എം. മാണിയെ വേട്ടയാടുന്ന ഇടതു മുന്നണിയെന്ന കെണിയില്‍നിന്നു ജോസ് കെ. മാണി പുറത്തു വന്ന് യുഡിഎഫിനൊപ്പം ചേര്‍ന്നു പൈതൃകം കാത്തു സൂക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗമായ എം.പി. ജോസഫ് സമൂഹ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
കെ.എം. മാണി അഴിമതിക്കാരന്‍ ആണെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫും ഞെട്ടലോടെയാണ് ഇതു കേട്ടത്. വോട്ടു രാഷ്ട്രീയത്തിനു വേണ്ടി വാഗ്ദാനങ്ങള്‍ നല്‍കി ജോസ്. കെ. മാണിയെ ഇടതു പാളയത്തിലെത്തിച്ച ഇടതു മുന്നണി കെ.എം. മാണിയെ അപമാനിക്കുകയാണ്. സിപിഎമ്മിന് കേരള കോണ്‍ഗ്രസിനോട് ഉള്ളിലുള്ള മനോഭാവമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. കേരളത്തിലോ കോട്ടയത്തോ കേരള കോണ്‍ഗ്രസിനെ വളരാന്‍ സിപിഎം സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു.
എം.പി. ജോസഫിന്റെ കുറിപ്പ്
അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ? കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം. മാണി അഴിമതിക്കാരന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫിലെ ഓരോ പ്രവര്‍ത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം നേതാക്കന്മാര്‍ കേരളാ കോണ്‍ഗ്രസിനെയും കെ.എം. മാണിയെയും അപമാനിക്കുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു കെ.എം. മാണിയോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടും പ്രത്യേകിച്ച് ജോസ് കെ മണിയോടും ഉള്ളില്‍ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയോ ജോസ് കെ. മാണിയെയോ കേരളത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് വളരാന്‍ സിപിഎം സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്റെ ഭാര്യ സഹോദരനായ ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്തി അവര്‍ പിന്നില്‍നിന്ന് കുത്തി. ആയതിനാല്‍ ശ്രീ ജോസ്.കെ മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മണ്‍മറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയില്‍നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേര്‍ന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം.
English Summary: MP Joseph reaction on KM Mani corruption reference in SC