ADVERTISEMENT

കൊച്ചി∙ ഭരണത്തിൽ പങ്കാളിയാകാൻ ജോസ് കെ. മാണി സ്വന്തം പിതാവിനെ മറക്കുകയാണെന്ന് കെ.ബാബു എംഎൽഎ. കെ.എം. മാണിയോടു സിപിഎമ്മിനു വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം. മാണി ബജറ്റ്‌ സ്റ്റഡി സെന്ററിൽനിന്നു പേരു നീക്കം ചെയ്തത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. എം. സ്വരാജ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അടങ്ങിയ സിൻഡിക്കേറ്റാണ് മാണിയുടെ പേര് നീക്കിയത്. അഭിപ്രായ വ്യത്യാസമില്ലെങ്കിൽ കെ.എം. മാണിയുടെ പേര് നീക്കം ചെയ്ത നടപടി തിരുത്താൻ സിപിഎം തയാറാകണം. കെ.എം. മാണിയുടെ പേരിൽ യുഡിഎഫ് സർക്കാർ സ്‌ഥാപിച്ച ബജറ്റ്‌ സ്റ്റഡി സെന്ററിൽനിന്നു പിതാവിനെ നീക്കിയതു തിരുത്താൻ ജോസ് കെ. മാണി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. 

അടുത്ത തവണ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ പറഞ്ഞതു തിരുത്തുമോ എന്നു വ്യക്തമാക്കണം. അപ്പോഴത്തെ ധനമന്ത്രി എന്ന് അഭിഭാഷകൻ പറഞ്ഞത് കെ.എം. മാണിയെ ഉദ്ദേശിച്ചാണെന്നതു വ്യക്തമാണ്. എന്നാൽ കെ.എം. മാണിയുടെ പേര് പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്ന സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബജറ്റ് ദിനത്തിൽ മാണിയുടെ പതിവു പ്രാർഥന പോലും നിഷേധിച്ചവരാണ് സിപിഎം. മന്ത്രി മാണിയെ മാറ്റി നിർത്തി മറ്റാരെങ്കിലും ബജറ്റ്‌ അവതരിപ്പിക്കണമെന്നു ഗവർണറെ നേരിൽ കണ്ട് അവർ ആവശ്യപ്പെട്ടതാണ്. മാണി ഒഴികെ മറ്റാരു ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്നാണ് പിണറായിയും കോടിയേരിയും പറഞ്ഞത്.

ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്യുക, മരണശേഷം ഏറ്റെടുക്കുക എന്നതു സിപിഎമ്മിന്റെ സ്‌ഥിരം പരിപാടിയാണ്. കെ.ആർ. ഗൗരിയോടും എം.വി. രാഘവനോടും ചെയ്തത് ഇത് തന്നെയാണ്. ഇപ്പോൾ കെ.എം. മാണിയെ ന്യായീകരിക്കുന്ന സിപിഎമ്മിന് ഉളുപ്പ് വേണം. നിയമസഭയിൽ ബജറ്റ് ദിവസം നടന്നതെല്ലാം കേരളം ലൈവായി കണ്ടതാണ്. പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ പോയത് വ്യവഹാര ചരിത്രത്തിലെ കറുത്ത അധ്യായമാണ്. പൊതുമുതൽ നശിപ്പിച്ചതിനും അനാവശ്യമായി കോടതിയിൽ പോയതിനുള്ള വ്യവഹാര ചെലവു സിപിഎമ്മിൽനിന്നു വസൂലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: K Babu slams Jose K Mani on CUSAT Center for Budget Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com