പി.കെ.വാരിയർ: എന്നും വ്യത്യസ്തൻ, മനസ്സും ശരീരവും തൊട്ട മഹാവൈദ്യൻ
Mail This Article
കേരളത്തിൽ ഭാവിയിൽ ഏറ്റവും കൂടുതൽ ഉണ്ടാവുക മാനസിക രോഗ ആശുപത്രികളായിരിക്കും എന്ന് ഒരിക്കൽ ഡോ. പി.കെ. വാരിയർ പറഞ്ഞു. തമാശരൂപേണ ഗൗരവമുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മരുന്നുകളോടുള്ള മലയാളികളുടെ മാനസികമായ അടിമത്തത്തെ കളിയാക്കുകയായിരുന്നു അദ്ദേഹം.
പനിക്കൂർക്കയിലയുടെ നീര് ഇറ്റിച്ചാൽ കുട്ടികളിലെ സാധാരണ പനി മാറുമെങ്കിലും ഡോക്ടറെ കണ്ട് മരുന്നു കൊടുത്താലേ തൃപ്തിയാവൂ. ഭക്ഷണം അമിതമായി കഴിച്ച് രോഗികളായവർക്ക് ഭക്ഷണക്രമീകരണം നടത്തിയാൽ പ്രശ്നം മാറും. എങ്കിലും അവർക്കും മരുന്നു കഴിച്ച് പ്രശ്നം പരിഹരിക്കണം. മറ്റു ചിലർക്കൊക്കെ 4 വർഷമായി കൊണ്ടുനടക്കുന്ന രോഗം 4 ദിവസം കൊണ്ട് മാറണം. മാനസികമായ അസ്വാസ്ഥ്യങ്ങളും പ്രശ്നങ്ങളും കാരണം ശരീരത്തിനുണ്ടാകുന്ന രോഗങ്ങൾക്കും മരുന്നു കഴിക്കും. മനസ്സിനെ പരിഗണിക്കാതെ വിടും.
ശരീരത്തെയും മനസ്സിനേയും ഒരുമിച്ച് പരിഗണിച്ച് മനുഷ്യനെ സ്നേഹിച്ച വൈദ്യനായിരുന്നു ഡോ. വാരിയർ. പഠിച്ചതും കാലാന്തരത്തിൽ നിരീക്ഷണത്തിൽ വന്നുചേർന്നതും കൈപ്പുണ്യമുള്ള ഒരു വൈദ്യനിലൂടെ കടന്നുവന്നപ്പോഴത്തെ വിജയമാണ് ഡോ. വാരിയരുടെ ചരിത്രം.
∙ എന്നും വ്യത്യസ്തൻ
ഒരിക്കൽ മൂത്രം പോകാത്ത അവസ്ഥയിൽ കൊണ്ടു വന്ന രോഗിയുടെ വയറ്റിൽ ഡോ. വാരിയർ ഒരു മിശ്രിതം പൂശി. കുറച്ചുകഴിഞ്ഞപ്പോൾ മൂത്രം പോയി. മരുന്നിനെപ്പറ്റി ആരാഞ്ഞവരോട് പറഞ്ഞു - എലിക്കാഷ്ടവും കുപ്പിച്ചില്ലും ചേർത്ത് അരച്ചതായിരുന്നു ആ മിശ്രിതം. സംശയിച്ചവരോട് അഷ്ടാംഗഹൃദയത്തിലെ ആ ആശയം തൊട്ടുകാണിച്ചു.
ആസ്തമയ്ക്ക് മഴയും മഞ്ഞും വെയിലും കൊള്ളരുത്. എന്നാൽ ആര്യവൈദ്യശാലയിലെ കുളത്തിൽ സൂര്യോദയത്തിന് മുൻപ് മുങ്ങിക്കുളിക്കാനാണ് വാരിയർ പലരോടും പറഞ്ഞിരുന്നത്. അതിനു മുൻപ് ചെറിയ രീതിയിലുള്ള മരുന്നുസേവയും.. ഉദയസമയത്തെ സൂര്യരശ്മികൾ ഔഷധവീര്യമുള്ളതാക്കിയ കുളത്തിൽ ചൂടുള്ള ശരീരത്തോടെയുള്ള മുങ്ങിക്കുളി രോഗം മാറ്റിയിരുന്നു. പരമാവധി ചെലവുകുറഞ്ഞുള്ള ചികിത്സാ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കോട്ടയ്ക്കലിൽ ധാരാളം കുളങ്ങൾ ഉണ്ട്. മരുന്നു ചെലവും കുറവ്.
∙ സാമ്പാറും രസവും
വെജിറ്റേറിയനാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. സാമ്പാറും രസവും ഒഴിവാക്കിയാൽ പകുതി രോഗങ്ങളും മാറും എന്ന് ഡോ. വാരിയർ പറയുന്നത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണവും അദ്ദേഹം പറഞ്ഞിരുന്നു - പണ്ട് ഇതൊക്കെ അരച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഉണ്ടാക്കുന്നത് മാർക്കറ്റിൽ നിന്ന് മസാലക്കൂട്ടുകൾ വാങ്ങിയും. ശരീരത്തിന് പല കേടുകളും അതു വരുത്തുന്നു.
അമിത ഭക്ഷണമാണ് മലയാളികളുടെ മറ്റൊരു പ്രധാന ശത്രു. എത്രപറഞ്ഞാലും അത് മനസിലാക്കുകയുമില്ല. ഭക്ഷണം കുറയ്ക്കുന്നതിനായി മെനു പറഞ്ഞുകൊടുക്കുമ്പോൾ തലയാട്ടിയശേഷം രോഗി ഒരു സംശയം ചോദിച്ചു - ഇതിനൊപ്പം സാധാരണ കഴിക്കുന്നത് തുടർന്നോട്ടെ... വാരിയരുടെ മറുപടി ഇങ്ങനെയായിരുന്നു - ഓഹോ.. കുഴപ്പമില്ല... മൂക്കിൽ പഞ്ഞിവയ്ക്കാനുള്ള തയാറെടുപ്പുകളോടെ അടുത്തതവണ വന്നാ മതി.
രാത്രി ഏഴരയോടെ എങ്കിലും അത്താഴം കഴിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. അങ്ങനെ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് പ്രമേഹം പിടിച്ചുനിർത്താൻ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നയാൾ ഒരു ദിവസം അത്താഴം ഒമ്പതരയാക്കിയാൽ തന്നെ പ്രമേഹം കുതിച്ചുയരും. ഗൾഫ് രാജ്യങ്ങളിൽ പാതിരായ്ക്ക് ഭക്ഷണം കഴിക്കുന്നതാണ് രോഗികളുടെ വർധനയ്ക്ക് ഒരു കാരണമെന്ന് ഡോ. വാരിയർ പറയുമായിരുന്നു. പക്ഷേ കഠിനമായ പഥ്യം നിർദേശിക്കാത്ത ചികിത്സാരീതിയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. കഷായം ഗുളിക രൂപത്തിൽ കിട്ടുമെങ്കിലും പലപ്പോഴും ഉണ്ടാക്കിക്കഴിക്കാൻ നിർദേശിക്കും.
∙ ഈഗോയില്ലാതെ
കോട്ടയ്ക്കൽ ആയുർവേദ കോളജിൽ അധ്യാപകനായ ഡോ. ദിലീപിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം ഉണ്ടായിരുന്നു. അതു മനസിലാക്കി പക്ഷാഘാതം ബാധിച്ച രോഗികളിൽ അതു പരീക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പല രോഗികളിലും അതിന്റെ ഗുണമുണ്ടായി. മികച്ച ഫലപ്രാപ്തിയുള്ള എന്തും അത് ആരു ചെയ്താലും അംഗീകരിക്കാൻ ഡോ. വാരിയർ മടിച്ചിരുന്നില്ല.
ആര്യവൈദ്യശാലയിൽ മോഡേൺ മെഡിസിൻ ആശുപത്രിയും ഉണ്ട്. പല ചികിത്സകളും ചെയ്യുമ്പോൾ ആധുനിക മരുന്നുകൾ വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉദാഹരണത്തിന് പ്രഷർ വേഗം കുറയ്ക്കാൻ പലപ്പോഴും ആധുനിക മരുന്നുകൾ ആണ് വേണ്ടിവരിക. ഇംഗ്ലിഷ് മരുന്നുകൾ ഉപയോഗിക്കാനോ ആധുനിക ഡോക്ടർമാരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനോ മടികാണിച്ചിരുന്നില്ല.
∙ ഒരേ മരുന്ന്
ഒരിക്കൽ ആര്യവൈദ്യശാലയിൽ രണ്ടു രോഗികൾക്കിടയിൽ ആശയക്കുഴപ്പം. രണ്ടുപേരുടേയും രോഗം രണ്ട്. മരുന്ന് ഒന്നു തന്നെ. ഡോ. വാരിയരെ കണ്ടപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു- രണ്ടുപേരുടേയും മനസിന്റെ രോഗം ഒന്നു തന്നെ. രോഗത്തിനു മാത്രമല്ല, രോഗിക്കാണ് ചികിത്സ എന്ന ആയുർവേദ തത്വമാണ് അദ്ദേഹം വ്യക്തമാക്കിയത്..
അതേസമയം പല ആയുർവേദ ചേരുവകളുടേയും ലഭ്യതക്കുറവിനെപ്പറ്റിയും പലപ്പോഴും പറയുമായിരുന്നു. കസ്തൂരാദി ഗുളിക (വായുഗുളിക) ഉണ്ടാക്കാൻ കസ്തൂരി കിട്ടാത്തത് ഉദാഹരണം. അതേസമയം ആര്യവൈദ്യശാലയിലെ മരുന്നുകളുടെ ഗുണനിലവാരം സംരക്ഷിക്കാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. കുറുന്തോട്ടി പോലെ എളുപ്പം പറ്റിക്കാൻ കഴിയുന്ന തരത്തിലുള്ള പച്ചമരുന്നുകൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കും. ആദ്യകാലങ്ങളിൽ ആടുകളെ ആര്യവൈദ്യശാലയിൽ കൊണ്ടുവന്ന് പാൽ കറന്നുകൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
∙ ഗവേഷണം
സന്ധിവാതത്തെപ്പറ്റി പ്രത്യേക ഗവേഷണം ആര്യവൈദ്യശാലയിൽ നടന്നിട്ടുണ്ട്. സന്ധിവാതം മൂലമുള്ള വേദന വളരെ കടുത്തതാണ്. 40 വയസ്സിൽ താഴെയുള്ളവർക്കായി ആര്യവൈദ്യശാലയിൽ പ്രത്യേകം ക്യാംപ് നടത്തുമായിരുന്നു. 20 വയസ്സുള്ള പെൺകുട്ടിയെ നിലവിളിക്കുന്ന അവസ്ഥയിൽ കൊണ്ടുവന്നിട്ടുള്ളത് കണ്ടിട്ടുണ്ട്. ചികിത്സയ്ക്കു ശേഷം തിരിച്ച് സന്തോഷത്തോടെ പോകുന്നതും. ദീർഘകാലത്തെ ക്യാംപിൽ നിന്ന് 600 തരം സന്ധിവാതം ഉണ്ടെന്നാണ് ഡോ. വാരിയരും സംഘവും കണ്ടെത്തിയിട്ടുള്ളത്. ആധുനിക വൈദ്യശാസ്ത്രത്തിൽ മുട്ടു മാറ്റിവയ്ക്കലാണ് പലപ്പോഴും ഇതിന് പ്രതിവിധി. പക്ഷേ എല്ലാവർക്കും ഇത് പ്രയോജനം ചെയ്യണമെന്നുമില്ല.
∙ എന്നും നിഷ്ഠയോടെ
ഒരിക്കൽ ഗുജറാത്തിലെ ആയുർവേദ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ വന്നു. അവർക്ക് ധാരയും ഉഴിച്ചിലും പിഴിച്ചിലും ഒക്കെ പുതുമയായിരുന്നു. എന്തു രോഗത്തിനും ഉള്ളിലേക്ക് മരുന്നുകഴിച്ചാൽ മതിയെന്നാണ് അവർ കരുതിയിരുന്നത്. ആര്യവൈദ്യശാലയാണ് കേരളത്തിലെ പല തനതു ചികിത്സാ രീതികളും ഇങ്ങനെ പ്രയോജനപ്പെടുത്തി സംരക്ഷിച്ചിരുന്നത്.
എല്ലാ ദിവസവും മുടങ്ങാതെ വാരിയർ അഷ്ടാംഗഹൃദയം വായിക്കും. അതിൽ നിന്നാണ് ഒരു മാതൃക സൃഷ്ടിച്ചത്. സംസ്കൃതം പഠിക്കാതെ, സംസ്കൃത ഗ്രന്ഥങ്ങൾ വായിക്കാതെ ആയുർവേദ ചികിത്സയ്ക്കിറങ്ങുന്നവർ ധാരാളമുണ്ട് എന്ന ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു.
(മാധ്യമ പ്രവർത്തകനും കോട്ടയ്ക്കൽ സ്വദേശിയുമാണ് ലേഖകൻ)