കോവിഡ് പ്രതിസന്ധിയിലും 7 കോടിയുടെ ലാഭം; തിളക്കമായി മലബാർ സിമന്റസ്
Mail This Article
വാളയാർ ∙ സിമന്റ് കൂടുതൽ ആവശ്യമുള്ളിടത്തു വിലകുറച്ചുകൊടുക്കുന്ന സ്വകാര്യ സിമന്റു കമ്പനികളുടെ വിപണന തന്ത്രത്തിനിടയിലും കോവിഡ് മഹാമാരി ഉയർത്തുന്ന കടുത്ത പ്രതിസന്ധിയിലും വില വർധിപ്പിക്കാതെ 7 കോടിയിലധികം രൂപ ലാഭമുണ്ടാക്കി മലബാർ സിമന്റ്സ്.
വർഷത്തിൽ 25 കോടി രൂപവരെ നഷ്ടത്തിലായിരുന്ന സ്ഥാപനമാണ് മൂന്നു വർഷത്തെ കഠിനപ്രയത്നത്തിലൂടെ മഹാമാരിക്കാലത്ത് ലാഭത്തിലേക്കു കുതിച്ച് സംസ്ഥാനത്തെ പൊതുമേഖലയ്ക്കു തന്നെ മാതൃകയായത്. ലോക്ഡൗൺ കാലത്തും ഒരു ദിവസം പോലും ഉൽപാദനം നിർത്താതെ പ്രവർത്തിച്ച പൊതുമേഖലയിലെ ഏക സിമന്റ് നിർമാണ ഫാക്ടറിയായ മലബാർ സിമന്റ്സ് 2020–21 വർഷത്തിൽ 7.4 കോടി രൂപയുടെ ലാഭ മുണ്ടാക്കിയാണ് നേട്ടം കൊയ്തത്.
ലോക്ഡൗണും തീവ്രവ്യാപനവും കാരണം അസംസ്കൃതവസ്തുക്കളുടെ കടുത്തക്ഷാമം നേരിട്ടെങ്കിലും മാനേജുമെന്റും ജീവനക്കാരും ഒരുമിച്ചുനിന്ന് അതു മറികടക്കാൻ വഴികണ്ടെത്തി. പ്രതിസന്ധിയിൽ ഉൽപാദനം കാര്യമായി കുറയ്ക്കാതെയാണു വിപണിയിൽ സജീവമായതും.
മൂന്നു വർഷം മുൻപ് ചുമതലയേറ്റ എംഡി എം.മുഹമ്മദലിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സഹായത്തോടെ ചെലവു ചുരുക്കിയും അച്ചടക്കത്തോടെയും സ്വീകരിച്ച നടപടികൾ സ്ഥാപനത്തെ നഷ്ടത്തിൽ നിന്നു കരകയറ്റുകയായിരുന്നു. ദക്ഷിണേന്ത്യയിലെ വൻകിട സ്വകാര്യ സിമന്റു കമ്പനികൾ പോലും ഉൽപാദന, വിതരണത്തിൽ ഗണ്യമായ കുറവു വരുത്തിയ കാലയളവിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. ലാഭത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ഉൽപാദന ലാഭവിഹിതം നൽകുമെന്ന് എംഡി അറിയിച്ചു.
മുൻവർഷങ്ങളിൽ നഷ്ടത്തിലായതിനാൽ ജീവനക്കാർ ഈ ആനൂകൂല്യം കിട്ടിയിരുന്നില്ല. ഓഡിറ്റ് പൂർത്തിയാകുന്ന മുറക്ക് സ്ഥാപനത്തിന്റെ അറ്റാദായവും പ്രഖ്യാപിക്കും. ലോക്ഡൗണിൽ ദിവസം 2,000 ടൺ സിമന്റ് ഉൽപാദിച്ചെങ്കിലും അയൽസംസ്ഥാനങ്ങളിൽ നിയന്ത്രണം കടുപ്പിക്കുകയും വ്യവസായശാലകൾ അടക്കുകയും ചെയ്തതോടെ അസംസ്കൃതവസ്തുക്കൾക്കു നല്ലബുദ്ധിമുട്ട് അനുഭവപ്പെട്ടു. സിമന്റിനുവേണ്ട ഫ്ലൈആഷിന് ക്ഷാമംവർധിച്ചതോടെ ഉൽപാദനം രണ്ടാഴ്ച 1,500 ടണ്ണായി കുറക്കാൻ സ്ഥാപനം നിർബന്ധിതമായെങ്കിലും വിതരണവും വിപണനവും തടസപ്പെട്ടില്ല.
ദിവസം 500 ടൺ ഫ്ലൈആഷാണ് ആവശ്യം. കോവിഡ് പ്രതിരോധചട്ടം പാലിച്ചു ഞായറാഴ്ച ഒഴികെ മുഴുവൻ സമയവും സിമന്റ്സ് പ്രവർത്തിച്ചു. നാലു ബ്രാൻഡുകളിൽ ക്ലാസിക് സിമന്റ് മാത്രമാണു ഇപ്പോൾ നിർമിക്കുന്നത്. സ്ഥലങ്ങളുടെ ദൂരമനുസരിച്ചു സിമന്റ് ചാക്കിന് 415 മുതൽ 420 രൂപ വരെയാണു നിലവിൽ വില. മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായി വാളയാറിൽ നിന്നുളള സിമന്റിന് ചാക്കിന് അഞ്ചു രൂപ കുറച്ചശേഷമാണ് ഈ വില.
ചേർത്തല യൂണിറ്റിൽ നിന്നുള്ള സിമന്റിന് നേരത്തെ വില കുറവാണ്. ലോക്ഡൗൺകാലത്ത് സ്വകാര്യകമ്പനികൾ സിമന്റ്ചാക്കിന് 30 രൂപയാണു വർധിപ്പിച്ചത്. നിയന്ത്രണങ്ങളിലെ ആദ്യഘട്ട ഇളവിലും ദിവസം 1,86,000 ടൺസിമന്റ് കേരളത്തിൽ എത്തിച്ചിരുന്ന രാംകോ സിമന്റ് കോവിഡ് പ്രതിസന്ധിയിൽ അതു 35,000 ടണ്ണും 95,000 ടണ്ണുണ്ടായിരുന്ന ചെട്ടിനാട് 42,000 ടണ്ണുമാണ് വിറ്റത്.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുണ്ടായതോടെ സ്വകാര്യ കമ്പനികൾ സജീവമായെങ്കിലും സിമന്റിന്റെ അളവിൽ കാര്യമായ വർധന വരുത്തിയിട്ടില്ല. 415– 420 രൂപയാണ് ചാക്കിന് വില. സംസ്ഥാനത്ത് കൂടുതൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കമ്പനികൾ സിമന്റിന് 10 രൂപവരെ വിലകുറച്ചു വിൽക്കുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്തെ നിർമാണപ്രവർത്തനങ്ങൾക്ക് മാസം ഏതാണ്ട് ഒൻപത് ലക്ഷം ടൺ സിമന്റ് വേണമെന്നാണു കണക്ക്. പുതിയ എംഡി ചുമതലയേറ്റശേഷം മലബാർ സിമന്റ്സ് ജനപ്രിയബ്രാൻഡുകളുടെ വിപണനം ഊർജിതമാക്കിയിരുന്നു.
English Summary: Malabar Cements register 7 Crore profit in 2020-21