എല്‍ജെഡി പൊട്ടിത്തെറിയുടെ വക്കില്‍; ശ്രേയാംസിനെതിരെ നേതാക്കള്‍ ഡല്‍ഹിയില്‍
Mail This Article
തിരുവനന്തപുരം∙ ലോക്താന്ത്രിക് ജനതാദളിൽ (എല്‍ജെഡി) കലഹം രൂക്ഷമാകുന്നു. എല്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവിനെ കണ്ടു. വൈകിട്ട് ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നു ശരദ് യാദവ് അറിയിച്ചു.
എം.വി.ശ്രേയാംസ് കുമാറിന്‍റെ ഏകാധിപത്യമാണു പാര്‍ട്ടിയിലെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, കെ.പി.മോഹനൻ എംഎല്‍എ, മുൻ എംഎല്‍എ സുരേന്ദ്രൻ പിള്ള എന്നിവര്‍ ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ കണ്ടത്.
തിരഞ്ഞെടുപ്പിൽ നേതൃത്വത്തിനു വീഴ്ച സംഭവിച്ചു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും നേതൃത്വം തയാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം നേടിയെടുക്കുന്നതിലും വീഴ്ചയുണ്ടായെന്നും നേതാക്കൾ ശരദ് യാദവിനെ അറിയിച്ചു. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ശരദ് യാദവ് മറുപടി നൽകി. നേതൃമാറ്റമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് നേതാക്കളുടെ തീരുമാനം.
English Summary: LJD leaders meets Sharad Yadav