ഫാ.സ്റ്റാൻ സ്വാമിയുടെ സേവനങ്ങളോട് ബഹുമാനം: ബോംബെ ഹൈക്കോടതി
Mail This Article
മുംബൈ ∙ ഫാ. സ്റ്റാൻ സ്വാമിയുടെ മരണാനന്തര ചടങ്ങുകളിലെ ഔന്നത്യം ഉള്ളിൽത്തട്ടിയെന്നു ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ്.ഷിൻഡെ. എൽഗർ പരിഷത്– മാവോവാദി ബന്ധം സംബന്ധിച്ചു സ്റ്റാൻ സ്വാമി സമർപ്പിച്ച ഹർജികളിൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം വാദം കേൾക്കുകയായിരുന്നു കോടതി.
‘സ്റ്റാൻ സ്വാമിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന സമയം എന്നെ അറിയിച്ചിരുന്നു. സമൂഹത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ വിസ്മരിക്കാനാകില്ല. അദ്ദേഹത്തിന്റെ സേവനങ്ങളെ ഏറെ ബഹുമാനിക്കുന്നു. നിയമപരമായി അദ്ദേഹത്തിനെതിരെയുള്ളതു മറ്റൊരു കാര്യമാണ്. പക്ഷേ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ ഏറെ ഔന്നത്യം നിറഞ്ഞതായിരുന്നു’– ജഡ്ജി പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്നതിനിടെ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ആയിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ (84) അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ 8നു യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട സ്റ്റാൻ സ്വാമി ജൂലൈ 5നാണു മരിച്ചത്. അതേ ദിവസം ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയായിരുന്നു മരണം.
English Summary: We Have Respect For Father Stan Swamy's Work: Bombay High Court