‘ശിൽപയുടെ സഹോദരിയെയും ഉൾപ്പെടുത്തും; 9 കോടിയുടെ ഡീലിന് മുൻപ് കുന്ദ്ര പിടിയിൽ’
Mail This Article
മുംബൈ ∙ അശ്ലീല ചിത്ര നിർമാണത്തിനു ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പിടിയിലായി 6 ദിവസം പിന്നിടുമ്പോൾ, കൂടുതൽ കാര്യങ്ങൾ വെളിച്ചത്തിലേക്ക്. കുന്ദ്ര പുതുതായി മറ്റൊരു മൊബൈൽ ആപ് പുറത്തിറക്കാൻ ആലോചിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നടി ഗഹന വസിഷ്ട് ആണു രംഗത്തെത്തിയത്.
ശിൽപയുടെ സഹോദരിയും മറ്റൊരു ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ആപ്പിൽ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ഗൗരവമായി ആലോചിച്ചിരുന്നു എന്നാണു ഗഹനയുടെ വെളിപ്പെടുത്തൽ.
∙ ‘സംവിധാനം ചെയ്യാൻ തയാറായിരുന്നു’
‘അറസ്റ്റിനു കുറച്ചു ദിവസം മുൻപ് ഞാൻ കുന്ദ്രയുടെ ഓഫിസിൽ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാൻ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകൾ, മ്യൂസിക് ഷോകൾ, വിഡിയോകൾ, ഫീച്ചർ ഫിലിമുകൾ എന്നിവയാണു ആപ്പിൽ ഉൾക്കൊള്ളിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ ‘നിർഭയ’ സീനുകൾ ഉൾക്കൊള്ളിക്കുന്ന കാര്യം ആലോചനയിൽ ഇല്ലായിരുന്നു’– സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഗഹന പറഞ്ഞു.
ഒരു ചിത്രം ഞാൻ സംവിധാനം ചെയ്യാനാണു നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചർച്ചകൾ ഞങ്ങൾ നടത്തി. ഒരു സിനിമയിൽ സമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടായിരുന്നു. സായ് തംഹാങ്കർ, മറ്റു രണ്ട് ആർട്ടിസ്റ്റുകൾ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു– ഗഹനയുടെ വാക്കുകൾ.
കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ഗഹന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘നിയമത്തിന് അതിന്റേതായ സമയം എടുക്കും. മുംബൈ പൊലീസിൽ പൂർണ വിശ്വാസമുണ്ട്. പക്ഷേ, നിർഭയ സീനുകളെ അശ്ലീല ദൃശ്യങ്ങളായി വ്യാഖ്യാനിക്കരുത്. യഥാർഥ കുറ്റക്കാർ ആരാണെന്നും കുറ്റാരോപിതരെ ആരൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്നും കോടതി തീരുമാനിക്കും,. തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ല.’
വെബ്സൈറ്റിൽ അശ്ലീല വിഡിയോ അപ‌്‌ലോഡ‍് ചെയ്ത കുറ്റത്തിനു കഴിഞ്ഞ വർഷം ഗഹനയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ നിർമിച്ചു മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ പ്രചരിപ്പിച്ചതാണു കുന്ദ്രയ്ക്കെതിരായ കുറ്റം. കുന്ദ്രയെ കൂടുതൽ ദിവസങ്ങൾ കസ്റ്റഡിയിൽ ലഭിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും.
∙ കൂടുതൽ തിരക്കഥകൾ പിടിച്ചെടുത്തു
കുന്ദ്രയുടെ അറസ്റ്റിനു ശേഷവും അശ്ലീല ചിത്രങ്ങൾ നിർമിക്കാൻ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജെഎൽ സ്ട്രീം കമ്പനി ആലോചിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കുന്ദ്രയുടെ കബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പുതിയ തിരക്കഥകൾ കണ്ടെത്തി. ഹിന്ദി ഭാഷയിൽ തയാറാക്കിയ തിരക്കഥകളാണിത്. ഇതോടെയാണു കുന്ദ്രയുടെ അസാന്നിധ്യത്തിലും അശ്ലീല ചിത്രങ്ങൾ നിർമിക്കാൻ കമ്പനി നിശ്ചയിച്ചിരുന്നോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നത്.
അശ്ലീല ചിത്ര നിർമാണ കേസിൽ മുംബൈ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇതേ കമ്പനിയുടെ പ്രചാരണത്തിനായി നാലു മാസം മുൻപു ശിൽപ ഷെട്ടിതന്നെ മുന്നിട്ടിറങ്ങിയിരുന്നു. ഇതേ കമ്പനിയിൽ 2020 സെപ്റ്റംബർ വരെ ശിൽപയുടെ അമ്മ സുനന്ദ ഷെട്ടി ഡയറക്ടറായിരുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിയാൻ ഇൻഡസ്ട്രീസിലെ ഉദ്യോഗസ്ഥനാണു കുന്ദ്രയുടെ ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള ‘നിഗൂഢ കബോർഡിനെ’ക്കുറിച്ചു ക്രൈം ബ്രാഞ്ചിനു വിവരം നൽകിയത്. തുടർന്നു നടത്തിയ പരിശോധനയിലാണു ഓഫിസിൽ ഒളിപ്പിച്ച കബോർഡ് പൊലീസ് കണ്ടെത്തിയതും തിരക്കഥകൾ പിടിച്ചെടുത്തതും.
തിരക്കഥകൾക്കു പുറമെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചു നടത്തിയ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. ഭിത്തിക്കുള്ളിൽ നിർമിച്ച രഹസ്യ അറയിലാണു കബോർഡ് ഒളിപ്പിച്ചിരുന്നത്. പുറത്തുനിന്നു നോക്കിയാൽ യാതൊരു സൂചനകളും ലഭിക്കാത്ത രീതിയിലായിരുന്നു നിർമാണം. കബോർഡിനെക്കുറിച്ചുള്ള കാര്യങ്ങൾ കുന്ദ്ര വെളിപ്പെടുത്തിയിരുന്നില്ലെന്നു ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു.
‘ഇറോട്ടിക്’ വിഭാഗത്തിൽപ്പെടുന്ന 121 വിഡിയോകളുടെ വിൽപനയിലൂടെ 9 കോടി രൂപ ലഭിക്കുന്ന രാജ്യാന്തര ഡീൽ ഉറപ്പിക്കുന്നതിനു തൊട്ടുമുൻപാണു കുന്ദ്ര അറസ്റ്റിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യൂണിയൻ ബാങ്ക് ഓഫ് ആഫ്രിക്ക, യെസ് ബാങ്ക് എന്നിവയ്ക്കു കീഴിലുള്ള കുന്ദ്രയുടെ 2 ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.
അശ്ലീല ചിത്ര നിർമാണത്തിൽനിന്നു ലഭിച്ചിരുന്ന വരുമാനം ഈ 2 ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചശേഷം ഓൺലൈൻ ബെറ്റിങ്ങിനായി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. അന്വേഷണത്തോടു കുന്ദ്ര പൂർണമായി സഹകരിക്കുന്നില്ലെന്നും ഓഫിസിൽനിന്നു കൂടുതൽ രേഖകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ശിൽപയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അധികൃതർ പറഞ്ഞു.
ക്രിപ്റ്റോ കറൻസി സംബന്ധിച്ച പണം ഇടപാടുകളിൽ ശിൽപയുടെ ഒപ്പുമുണ്ട്. ശിൽപയുടെയും കുന്ദ്രയുടെയും പേരിലുള്ള ജോയിന്റ്് അക്കൗണ്ടാണു പണം ഇടപാടുകൾക്കു പ്രധാനമായും ഉപയോഗിച്ചിരുന്നതെങ്കിലും ശിൽപയെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. കുന്ദ്രയുടെ കസ്റ്റഡി കാലാവധി 27ന് അവസാനിക്കും.
English Summary: JL Stream Producing Adult Content Even After Raj Kundra's Arrest? Seized Fresh Scripts Raise Doubts