‘കുറച്ചു കാര്യങ്ങൾ അറിയിക്കാനുണ്ട്’; നീലച്ചിത്ര നിർമാണക്കേസിൽ ഷെർലിൻ ചോപ്രയ്ക്ക് സമൻസ്
Mail This Article
മുംബൈ ∙ വ്യവസായി രാജ് കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമാണക്കേസിൽ നടി ഷെർലിൻ ചോപ്രയ്ക്ക് മുംബൈ പൊലീസ് സമൻസ് അയച്ചു. ഇന്നു രാവിലെ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ തനിക്കു കുറച്ചു കാര്യങ്ങൾ അന്വേഷണസംഘത്തെ അറിയിക്കാനുണ്ടെന്നു നടി ഏതാനും ദിവസം മുൻപ് ട്വീറ്റ് ചെയ്തിരുന്നു. മോഡലുകൾക്കും മറ്റുമായി രാജ് കുന്ദ്രയുടെ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരുന്ന ആംസ് പ്രൈം കമ്പനിയെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ കൈമാറാനുണ്ടെന്നാണ് ഇവർ നൽകിയിരുന്ന സൂചന.
അതിനിടെ, കാൻപുരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രാജ് കുന്ദ്രയ്ക്കുള്ള രണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കോടിക്കണക്കിനു രൂപ ഇൗ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണിത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രാജ് കുന്ദ്ര സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു ബോംബെ ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. അദ്ദേഹത്തിന്റെ പൊലീസ് കസ്റ്റഡിയും ഇന്ന് അവസാനിക്കും. രാജ് കുന്ദ്രയുമായി ബന്ധമില്ലെന്നും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നും നടി ഫ്ലോറ സൈനി പ്രതികരിച്ചു. കേസിൽ അവരുടെ പേര് ചില ചാനലുകളിൽ ഉയർന്നതിനു പിന്നാലെയാണിത്.
English Summary: Raj Kundra pornography case: Mumbai Crime Branch summons Sherlyn Chopra