മന്ത്രിസഭയിൽനിന്ന് മോദി ഒഴിവാക്കി; പിന്നാലെ രാഷ്ട്രീയവും മതിയാക്കി ബാബുൽ സുപ്രിയോ
Mail This Article
ന്യൂഡൽഹി∙ പുനഃസംഘടനയിൽ, കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ട ബിജെപി എംപി ബാബുൽ സുപ്രിയോ സജീവ രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രഖ്യാപനം. താൻ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്നും ബോളിവുഡ് ഗായകൻ കൂടിയായ സുപ്രിയോ വ്യക്തമാക്കി.
‘ഞാൻ വിടവാങ്ങുന്നു, ഭാവുകങ്ങൾ’ എന്ന വാക്കുകളോടെയാണു പോസ്റ്റ് തുടങ്ങുന്നത്. ബോളിവുഡ് ചിത്രങ്ങളിലെ പിന്നണി ഗായകൻ എന്ന നിലയിൽ പ്രശസ്തനായ ബാബുൽ സുപ്രിയോ, പ്രാദേശിക സിനിമകള്‍ക്കായും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2014 മുതൽ ബംഗാളിലെ അസൻസോളിൽനിന്നുള്ള ലോക്സഭാംഗമാണ്.
‘എല്ലാവരുടെയും വാക്കുകൾ (അച്ഛൻ, അമ്മ, ഭാര്യ, മകൾ, അടുത്ത രണ്ടു സുഹൃത്തുക്കൾ) കേട്ടു. എല്ലാം കേട്ടതിനു ശേഷം അവരോടു ഞാൻ പറഞ്ഞു, മറ്റു പാർട്ടികളിലേക്കു പോകില്ല. എപ്പോഴും ഒരു ടീമിനൊപ്പം നിൽക്കുന്നയാളാണു ഞാൻ. സാമൂഹ്യ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ രാഷ്ട്രീയം കൂടിയേ തീരൂ എന്നില്ല. കുറച്ചു കാര്യങ്ങൾ ചിട്ടപ്പെടുത്താനുണ്ട്. ബാക്കി അതിനു ശേഷം...’– സുപ്രിയോ കുറിച്ചു.
തന്നിൽ അർപ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും ബിജെപി നേതാക്കളായ അമിത് ഷാ, ജെ.പി.നഡ്ഡ തുടങ്ങിയവർക്കു നന്ദി പറഞ്ഞ സുപ്രിയോ, അധികാര വിലപേശലിനായുള്ള നീക്കമാണു താൻ നടത്തുന്നതെന്നു തെറ്റിദ്ധരിക്കരുതെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി പറഞ്ഞ ശേഷമാണു പടിയിറക്കം.
‘മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതുമായി ഇതിനു ബന്ധമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. ഉണ്ടായിരിക്കും. എന്തായാലും വിഷമിക്കാനില്ല. 1992ൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലെ ജോലി ഉപേക്ഷിച്ചു മുംബൈയിലേക്ക് എത്തിയപ്പോഴും ഇതുതന്നെയാണു ഞാൻ ചെയ്തത്’– എന്ന വരിയോടെയാണു പോസ്റ്റ് അവസാനിക്കുന്നത്.
എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലാണു ബിജെപിയിലൂടെ സുപ്രിയോ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അതേ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ കേന്ദ്രമന്ത്രിയായി. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലും അംഗമായിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ടോളിഗുഞ്ച് മണ്ഡലത്തിൽനിന്നു ജനവിധി തേടിയ സുപ്രിയോ 50,000ൽ അധികം വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.
English Summary: Babul Supriyo, Replaced As Union Minister Recently, Says Quitting Politics