ലലൻ സിങ് ഇനി ജെഡിയുവിനെ നയിക്കും; നിതീഷിന്റെ വിശ്വസ്തൻ
Mail This Article
പട്ന ∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ്ങിനെ (66) തിരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിലാണ് നേതൃമാറ്റം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയായ ആർ.സി.പി. സിങ്, ഒരാൾക്ക് ഒരു പദവി നയമനുസരിച്ചു പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. രാജ്യസഭാംഗമായ ആർ.സി.പി. സിങ്ങിനൊപ്പം ലോക്സഭാംഗമായ ലലൻ സിങ്ങിനെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്കു നിതീഷ് കുമാർ ശുപാർശ ചെയ്തിരുന്നു.
ജെഡിയുവിനു ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രം നൽകാൻ ബിജെപി തീരുമാനിച്ചപ്പോൾ ആർ.സി.പി. സിങ്ങിനാണു നറുക്കു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പോലെ കേന്ദ്രമന്ത്രി ആർ.സി.പി. സിങ്ങും കുർമി സമുദായാംഗങ്ങളായതിനാൽ പാർട്ടി അധ്യക്ഷത്തേക്ക് ഇതര സമുദായങ്ങളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചത്. ഭൂമിഹാർ സമുദായാംഗമായ ലലൻ സിങ്ങിനൊപ്പം ഉപേന്ദ്ര കുശ്വാഹയെയും പരിഗണിച്ചിരുന്നു.
നിതീഷിന്റെ വിശ്വസ്തനായ ലലൻ സിങ് ജെഡിയുവിലെ തന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്. ലോക് ജനശക്തി പാർട്ടിയിൽ (എൽജെപി) ചിരാഗ് പാസ്വാനെ ഒറ്റപ്പെടുത്തി പിളർപ്പുണ്ടാക്കുന്നതിനായി അണിയറ നീക്കങ്ങൾ നടത്തിയതു ലലൻ സിങ്ങാണ്. മൂന്നു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലലൻ സിങ്, ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. ബിഹാറിൽ നിതീഷിന്റെയും ജിതൻ റാം മാഞ്ചിയുടെയും മന്ത്രിസഭകളിലും അംഗമായിരുന്നു. ജെഡിയു ബിഹാർ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Lalan Singh elected Janata Dal (United) national president