ADVERTISEMENT

മുംബൈ∙ നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിൽനിന്ന് ഒഴിവാക്കുന്നതിന് മുംബൈ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി നടി ഗെഹന വസിഷ്ഠയുടെ വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് ഗെഹന പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗെഹനയുടെ വെളിപ്പെടുത്തൽ. 

‘പണം നൽകിയാൽ എന്നെ അറസ്റ്റു ചെയ്യില്ലെന്ന് അവർ പറഞ്ഞു. എന്നാൽ തെറ്റൊന്നും ചെയ്യാത്തതു കൊണ്ട് ഞാൻ പണം നൽകിയില്ല. രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നീലച്ചിത്രങ്ങൾ അല്ല.’– ഗെഹന പറഞ്ഞു. പൊലീസിനെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. 

നീലച്ചിത്ര നിർമാണത്തിൽ ഇപ്പോൾ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കും നിർമാതാവ് എക്താ കപൂറിനുമെതിരെ മൊഴി നൽകാനും സമ്മർദ്ദമുണ്ടായെന്ന് ഗെഹന പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴാണ് അവർക്കെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ വിസ്സമ്മതിക്കുകയായിരുന്നെന്നും ഗെഹന പറഞ്ഞു. 

നീലച്ചിത്ര നിർമാണവും അഭിനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്തത്. നാലു മാസത്തോളം ജയിലിൽ കഴിഞ്ഞ ഗെഹനയ്ക്കെതിരെ പൊലീസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു. മുംബൈയിലെ ഒരു മോഡൽ നൽകിയ പരാതിയിൽ മൂന്നാമത്തെ എഫ്ഐആർ ഈ ആഴ്ച ക്രൈംബ്രാഞ്ച് ഫയൽ ചെയ്യാനിരിക്കുകയാണ്. 

നീലച്ചിത്ര നിർമാണവും പ്രചരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ആർതർ റോഡ് ജയിലിലാണിപ്പോൾ. ഈ കേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് ഗെഹനയ്ക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിട്ടില്ല. പുതിയ കേസിൽ കുടുക്കി പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന് ഭയപ്പെട്ടാണ് എത്താതിരുന്നതെന്ന് ഗെഹന പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. 

English Summary :Mumbai Police asked me to name Raj Kundra, Ekta Kapoor in porn films case: Gehana Vasisth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com