ഉദ്ഘാടകനെ ചൊല്ലി തർക്കം; യുഡിഎഫ് സമരത്തിൽ പങ്കെടുക്കാതെ മുസ്‌ലിം ലീഗ്
Mail This Article
കളമശേരി∙ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കളമശേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിൽ മുസ്‌ലിം ലീഗ് പങ്കെടുത്തില്ല. സമരത്തിന്റെ ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കമാണ് ഇതിനു കാരണമെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.
സമരം ഉദ്ഘാടനം ചെയ്യാൻ മണ്ഡലത്തിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിനെയാണു നിശ്ചയിച്ചത്. അദ്ദേഹത്തിന് അസൗകര്യം ഉണ്ടെന്നും മകനായ വി.ഇ.അബ്ദുൽ ഗഫൂറിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. ഇതിനോടു കോൺഗ്രസ് നേതൃത്വം യോജിച്ചില്ല. പകരം യുഡിഎഫിലെ മുതിർന്ന നേതാവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ നേതൃത്വം തീരുമാനമെടുത്തു.
ഇതിൽ പ്രതിഷേധിച്ചാണു സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നു യുഡിഎഫ് മണ്ഡലം കൺവീനറും ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പൻ പറഞ്ഞു. സമരത്തിന്റെ കാര്യം ലീഗ് നേതൃത്വം പാർട്ടിയുടെ മണ്ഡലം ഭാരവാഹികളെ അറിയിച്ചതുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുന്നണിയിലുണ്ടായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്.
English Summary: Muslim League skips UDF strike