ADVERTISEMENT

മുംബൈ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ‘രാജീവ് ഗാന്ധി’ ഖേൽ രത്‌ന പുരസ്കാരത്തിന് ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരു നൽകിയതു കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയക്കളി മാത്രമാണെന്നും പൊതുജനാഭിപ്രായ പ്രകാരമല്ലെന്നും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണു ഖേൽരത്‌ന വിഷയത്തിൽ ബിജെപിയെ സേന കടന്നാക്രമിച്ചത്.  

അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകിയത് ക്രിക്കറ്റിനു മോദി എന്തു സംഭാവന നൽകിയതിന്റെ പേരിലാണെന്നും മുഖപ്രസംഗത്തിൽ ചോദ്യമുണ്ട്. ഡൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ വീടു കോൺഗ്രസ് നേതാവു രാഹുൽ ഗാന്ധി സന്ദർശിച്ചതു വിവാദമാക്കിയ നടപടിയിലും ബിജെപിക്കെതിരെ സേന സാമ്‌നയിൽ ലേഖനം എഴുതിയിരുന്നു. 

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ– വനിതാ ടീമുകളുടെ തിളക്കമാർന്ന പ്രകടനത്തിനു പിന്നാലെ ഓഗസ്റ്റ് 6നാണു രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖേൽരത്‌ന പുരസ്കാരത്തിന്റെ പേരു ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരം എന്നു മാറ്റുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. രാജ്യത്തിന്റെ പല ഇടങ്ങളിൽനിന്നും ഒട്ടേറെ പൗരൻമാർ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. 

‘രാജീവ് ഗാന്ധിയുടെ ത്യാഗങ്ങളെ അവഹേളിക്കാതെ വേണമായിരുന്നു മേജർ ധ്യാൻചന്ദിനെ ആദരിക്കാൻ. പക്ഷേ ഇത്തരത്തിലുള്ള പാരമ്പര്യവും സംസ്കാരവും രാജ്യത്തിനു നഷ്ടമായിക്കഴിഞ്ഞു. സ്വർഗത്തിലുള്ള ധ്യാൻചന്ദിനെപ്പോലും വിഷമിപ്പിക്കുന്നതാകും ഇത്. നരേന്ദ്ര മോദി സർക്കാർ പുരസ്കാരത്തിന്റെ പേരു മാറ്റിയതിനു മുൻപു രാജ്യം ഭരിച്ചിരുന്ന സർക്കാരുകൾ ധ്യാൻചന്ദിനെ മറന്നു എന്ന് അർഥമില്ല. രാജ്യത്തിനായി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയുടെ പേരിനു പകരമായി പുരസ്കാരത്തിനു തന്റെ പേരു നൽകിയതു ധ്യാൻചന്ദിനെ ആദരിക്കുന്നതിനായല്ല. രാഷ്ട്രീയ വിദ്വേഷം പരത്താൻ മാത്രമേ ഈ നടപടി ഉപകരിക്കൂ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo - PIB)
പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo - PIB)

സർദാൽ പട്ടേലിന്റെ പേരു മാറ്റിയാണ് അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകിയത്. ക്രിക്കറ്റിനു മോദി നൽകിയ സംഭാവന എന്താണെന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഡൽഹിയിലെ (ഫെറോസ് ഷാ കോട്ട്ല) സ്റ്റേഡിയത്തിനു ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലിയുടെ പേരു നൽകിയതും ഇതേ മാനദണ്ഡത്തിന്റെതന്നെ അടിസ്ഥാനത്തിലാണോയെന്നും ആളുകൾ ചോദിക്കുന്നുണ്ട്. 

ഇന്ത്യയുടെ ഒളിംപിക്സിലെ നേട്ടം മതിമറന്ന് ആഘോഷിക്കുന്ന അതേ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ കായിക ബജറ്റിൽ 300 കോടി രൂപയുടെ കുറവു വരുത്തിയ കാര്യം മറക്കരുത്.  സഹാറാ ഗ്രൂപ്പ് ഇന്ത്യൻ പുരുഷ– വനിതാ ഹോക്കി ടീമുകളുടെ സ്പോൺസർഷിപ്പിൽനിന്ന് ഒഴിവായപ്പോൾ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് മാത്രമാണു രക്ഷകനായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുരുഷ ഹോക്കി ടീം ഒളിംപിക്സിൽ നേടിയ വെങ്കല മെഡലിനു ഒഡിഷ സർക്കാരിന്റെ സംഭാവനയും മറക്കാനാകില്ല–’ ലേഖനത്തിൽ പറയുന്നു. 

English Summary: Renaming Khel Ratna Award Not People's Wish, But "Political Game": Shiv Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com