2 വർഷത്തിനിടെ കശ്മീരിൽ വസ്തുവകകൾ വാങ്ങിയവരിൽ പുറത്തുനിന്നുള്ളതു 2 പേർ മാത്രം: മന്ത്രി
Mail This Article
ന്യൂഡൽഹി∙ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിനു ശേഷമുള്ള 2 വർഷത്തിനിടെ പുറത്തുനിന്നുള്ള 2 ആളുകൾ മാത്രമാണു ജമ്മു കശ്മീരിൽ വസ്തുവകകൾ വാങ്ങിയതെന്നു കേന്ദ്ര സർക്കാർ പാർലമെന്റിൽ.
‘ജമ്മു കശ്മീർ സർക്കാർ നൽകിയ വിവരം അനുസരിച്ചു 2019 ഓഗസ്റ്റിനുശേഷം ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തിനു പുറത്തുനിന്നുള്ള 2 പേർ മാത്രമേ ഇവിടെ വസ്തുവകകൾ വാങ്ങിയിട്ടുള്ളു’ – മന്ത്രി നിത്യാനന്ദ് റായി ലോക്സഭയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾക്കോ സർക്കാരുകൾക്കോ ജമ്മു കശ്മീരിൽ വനസ്തുവകകൾ വാങ്ങുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നോ എന്ന ചോദ്യത്തിനാണു മന്ത്രി മറുപടി നൽകിയത്.
അത്തരത്തിൽ ഉള്ള സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. 2019 ഓഗസ്റ്റ് 5നാണു കേന്ദ്ര സർക്കാർ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിരുന്നു.
പുതിയ ചട്ടങ്ങൾ പ്രകാരം കുറഞ്ഞതു 15 വർഷക്കാലം ജമ്മു കശ്മീരിൽ താമസിക്കുന്നവർക്കു കേന്ദ്ര ഭരണപ്രദേശത്തു സ്ഥിര താമസത്തിന് അർഹതയുണ്ട്. മുൻപു സംസ്ഥാനത്തെ സ്ഥിര താമസക്കാരെ നിശ്ചയിക്കാനുള്ള പരമാധികാരം ജമ്മു കശ്മീർ നിയമസഭയ്ക്കായിരുന്നു.
English Summary: 2 Persons From Outside J&K Have Bought Property Since 370 Move: Centre