ADVERTISEMENT

മൂലമറ്റം ∙ വൈദ്യുതി നിലയത്തിലെ തകരാറുകൾ പരിഹരിച്ച് വെള്ളിയാഴ്ച പുലർച്ചെ 6 ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രൊട്ടക്‌ഷൻ ഡിസി സംവിധാനത്തിലെ തകരാറുമൂലമാണു വ്യാഴാഴ്ച വൈകിട്ട് 7.30ന് നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്. തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ട് ഒന്നര മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയമായതിനാൽ സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി.

130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് മൂലമറ്റം വൈദ്യുതി നിലയത്തിലുള്ളത്. ഇടുക്കി ജില്ലയിൽ മഴ ശക്തമായതിനാൽ നിലയത്തിലെ 6 ജനറേറ്ററുകളുടെയും ഉൽപാദനം പൂർണതോതിൽ നടത്തുന്നുണ്ട്. അധികം വരുന്ന വൈദ്യുതി പവർ എക്‌സ്‌ചേഞ്ച് വഴി വിൽപന നടത്തും. നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ഉൽപാദനം പ്രതിദിനം 16.36 ദശലക്ഷം യൂണിറ്റാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രതിദിനം ശരാശരി 3.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉൽപാദിപ്പിച്ചിരുന്നത്. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 65 ശതമാനം വെള്ളമുണ്ട്. ഈ ആഴ്ച ജലനിരപ്പ് 2378.81 അടിയിലെത്തുമ്പോൾ നീല അലർട്ട് പ്രഖ്യാപിക്കണം. 2371.14 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 

‘ഊർജ ക്ഷേത്ര’ത്തിന്റെ കഥ

രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതനിലയമായ മൂലമറ്റം പവർ സ്റ്റേഷൻ 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യദിനം ഒന്നാം നമ്പർ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു. തുടർന്ന് 1976 ജൂൺ ഏഴിന് രണ്ടാം നമ്പർ ജനറേറ്ററിന്റെയും ഡിസംബർ 24ന് മൂന്നാം നമ്പർ ജനറേറ്ററിന്റെയും പ്രവർത്തനം ആരംഭിച്ചു. 1985 നവംബർ നാലിന് നാലാം നമ്പർ ജനറേറ്ററും 1986 മാർച്ച് 22ന് അഞ്ചാം നമ്പർ ജനറേറ്ററും 1986 സെപ്റ്റംബർ ഒൻപതിന് ആറാം നമ്പർ ജനറേറ്ററും നിർമാണം പൂർത്തിയാക്കി.

പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയവും മൂലമറ്റത്തേതുതന്നെ. സംസ്ഥാനത്തെ ആവശ്യത്തിന്റെ മൂന്നിലൊന്നു വൈദ്യുതി ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളായി 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടത്തിന്റെ നിർമാണത്തിനായി 110 കോടിയാണ് അന്നു ചെലവായത്. എസ്എൻസി കമ്പനി ആണു പദ്ധതിയുടെ കൺസൾട്ടന്റ്. ഇടുക്കി ജലാശയത്തിൽനിന്നു ഭൂമിക്കടിയിലൂടെ എത്തുന്ന ജലം നാടുകാണിക്കു സമീപം ബട്ടർഫ്ലൈ വാൽവിലെത്തി ഇവിടെനിന്ന് 51-52 ഡിഗ്രി ചെരിവിൽ 915 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലെത്തുന്നു. കുളമാവിൽനിന്നു നാടുകാണി മലയുടെ ഉള്ളിലൂടെയാണ് പെൻസ്റ്റോക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. 

പവർ ഹൗസും അപകടങ്ങളും

െചറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾക്കും പൊട്ടിത്തെറികൾക്കും മൂലമറ്റം പവർ ഹൗസ് സാക്ഷിയായിട്ടുണ്ട്. 2011 ജൂൺ 20ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ചാം നമ്പർ ജനറേറ്ററിന്റെ കൺട്രോൾ പാനലിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്നു രണ്ട് എൻജിനീയർമാർ മരിച്ചിരുന്നു. ഇതിനു ശേഷവും ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെയുണ്ടായി.

ഇതോടെ പുനരുദ്ധാരണം വേണമെന്ന ആവശ്യം ശക്തമായി. നവീകരണത്തിനുള്ള ചുമതല സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏൽപിച്ചു. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് 50 കോടി രൂപയുടെ നവീകരണത്തിനു പദ്ധതിയൊരുക്കി. പവർഹൗസിലെ ജനറേറ്ററുകൾ കുറെ വർഷങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാമെന്നും എന്നാൽ അനുബന്ധ സാമഗ്രികളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നുമാണ് നിർദേശം നൽകിയത്. എന്നാൽ നവീകരണം വീണ്ടും നീണ്ടു. 

ഇതിനിടെ പവർഹൗസിനോടനുബന്ധിച്ചുള്ള സ്വിച്ച് യാർഡിൽ രണ്ടു പൊട്ടിത്തെറികൾ നടന്നതോടെ ജീവനക്കാരും നവീകരണത്തിനായി നിർബന്ധിച്ചു. തുടർന്നു നടത്തിയ ചർച്ചയിൽ നവീകരണത്തിന് തീരുമാനമെടുത്തു. തുടർന്നു ഒന്നാം ഘട്ടത്തിലെ 3 ജനററേറ്ററുകളുടെ നവീകരണം 2020ൽ പൂർത്തിയാക്കി. അടുത്ത രണ്ടാം ഘട്ടത്തിലെ 3 ജനറേറ്ററുകളുടെ നവീകരണം ആരംഭിക്കണമെന്നു തീരുമാനം എടുത്തിരുന്നെങ്കിലും നീണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു മൂലമറ്റത്തു സംഭവിച്ച അവസാന അപകടം. 2011ൽ സംഭവിച്ചതിനെക്കാൾ വലിയ െപട്ടിത്തെറിയായിരുന്നു ഇത്. സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥരില്ലാത്തിനാലാണ് അപകടത്തിന്റെ വ്യാപ്തി പുറംലോകം അറിയാതിരുന്നത്. ഭൂഗർഭ നിലയത്തിലെ 4-ാം നമ്പർ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. 

English Summary : Story of Moolamattam power house and accidents occured there

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com