ദേശീയപതാക നിർമാണത്തിന് നൂതനമായ തുണി; ഇനിയും ഉയരെ പാറട്ടെ ത്രിവർണം!
Mail This Article
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുവിൽ 100 അടി ഉയരത്തിൽ ദേശീയപതാക ഉയർത്തിയത് ഏതാനും ദിവസം മുൻപാണ്. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാകയിൽ ഒന്നായി മാറിയ ഇതു ശ്രീനഗറിലെ ഹരി പ്രഭാത് കോട്ടയിലാണു പാറിക്കളിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും വലുതുമായ ദേശീയ പതാകയുടെ കൂട്ടത്തിൽ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പതാകകളുണ്ട്.
ഉയരത്തിലുള്ള പതാക സംരക്ഷിക്കുക ഏറെ ശ്രമകരമാണ്. കാലാവസ്ഥാ മാറ്റങ്ങൾ മറികടക്കാൻ ശേഷിയുള്ള നൂതനമായ തുണിത്തരങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ വേഗത്തിൽ കേടുപാടു സംഭവിക്കാം. സംരക്ഷിക്കാൻ വലിയ പണച്ചെലവുമുണ്ട്. ഡൽഹി ഐഐടിയിലെ സ്റ്റാർട്ടപ് സംരംഭമായ സ്വാത്റിക് ദേശീയപതാകയ്ക്ക് അനുയോജ്യമായ തുണി തയാറാക്കുന്ന ശ്രമത്തിലാണ്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെയും ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെയും പിന്തുണ ഇവർക്കുണ്ട്.
∙ കൂടുതൽ ഉയരത്തിൽ, കൂടുതൽ തിളക്കത്തിൽ
കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തുടനീളം വലിയ പതാകകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നു കേന്ദ്രമന്ത്രാലയം പറയുന്നു. ഇന്ത്യക്കാർക്കു വർഷം മുഴുവൻ ദേശീയപതാക ബഹുമാനത്തോടെ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചതു 2002 ജനുവരി 26നാണ്. ദേശീയപതാക ബഹുമാനത്തോടും അഭിമാനത്തോടും കൂടി ഉപയോഗിക്കാനുള്ള അവകാശം എല്ലാ ഭാരതീയ പൗരനുമുണ്ടെന്നും ഇതു മൗലികാവകാശമാണെന്നും 2004 ജനുവരി 23നു സുപ്രീം കോടതിയും വിധിയെഴുതി.
ഇതിനു പിന്നാലെ പലയിടത്തും ദേശീയപതാക ഉയർന്നു. സർവകലാശാലകളുടെയും വിവിധ സ്ഥാപനങ്ങളുടെയും ഉയരത്തിൽ ദേശീയപതാക തിളങ്ങി. രാജ്യത്തെ കാലാവസ്ഥാ സാഹചര്യവും മറ്റും പരിഗണിച്ചാൽ ദേശീയപതാക നിർമിക്കാൻ ഉപയോഗിക്കുന്ന തുണിത്തരങ്ങളിൽ ഏറെ ശ്രദ്ധ നൽകേണ്ടതുണ്ടെന്നു ഡൽഹി ഐഐടി ടെക്സ്റ്റൈൽ ആൻഡ് ഫാബ്രിക് എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. ബിപിൻ കുമാർ പറയുന്നു.
ഡൽഹി സർവകലാശാലയിലെ ടെക്സ്റ്റൈൽ വിഭാഗത്തിനു കീഴിൽ ആരംഭിച്ച ഗവേഷണ സ്റ്റാർട്ടപ്പാണ് സ്വാത്‌റിക്. ദേശീയപതാകയ്ക്ക് അനുയോജ്യമായ തുണി തയാറാക്കാനുള്ള ധാരണാപത്രം ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഐഐടിയും കഴിഞ്ഞ മാസമാണു ഒപ്പിട്ടത്. ഏതാനും പ്രോട്ടോടൈപ്പ് തയാറാക്കിയെന്നും ഇതുപയോഗിച്ചു തയാറാക്കിയ ദേശീയപതാക വൈകാതെ ഡൽഹി ഐഐടി ക്യാംപസിൽ സ്ഥാപിക്കുമെന്നും പ്രഫ. ബിപിൻകുമാർ പറഞ്ഞു.
∙ ഡൽഹിയിലെ അഴക്
കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പാറിക്കളിക്കുന്ന ദേശീയപതാക ഡൽഹി സന്ദർശിച്ചിട്ടുള്ള എല്ലാവരും കണ്ടിട്ടുണ്ടാകും. ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2014ൽ സ്ഥാപിച്ച 207 അടി ഉയരമുള്ള ഈ പതാകയായിരുന്നു ഏതാനും വർഷം മുൻപു വരെ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക. ഇന്നു കൊണാട്ട് പ്ലേസിലെ പതാകയുടെ റെക്കോർഡ് പലരും കീഴടക്കിക്കഴിഞ്ഞു.
അതേസമയം 1114 അടി ഉയരത്തിലുള്ള 495 ദേശീയ പതാക നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചത് അടുത്തിടെയാണ്. ഡൽഹി സർക്കാരിന്റെ ദേശഭക്തി ബജറ്റിന്റെ ഭാഗമായിട്ടായിരുന്നു നടപടി. 20 അടി വീതിയും 30 അടി നീളവുമുള്ള പതാകകൾ 100 അടി ഉയരമുള്ള വലിയ തൂണുകളിലാകും സ്ഥാപിക്കുക.
വലുപ്പമുള്ള ദേശീയ പതാകയ്ക്കു 20 മുതൽ 150 കിലോ വരെയാണ് ഭാരം. നിലവിൽ ഇവ തയാറാക്കാൻ 30,000 മുതൽ ഒന്നര ലക്ഷം രൂപ വരെയാകും. പതാക സ്ഥാപിക്കുന്ന തൂണിന്റെ നിരക്ക് വേറെ. 200 അടി ഉയരമുള്ള തൂൺ സ്ഥാപിക്കാൻ 25 ലക്ഷം രൂപയെങ്കിലുമാകും. ഭാരം കുറച്ച് ദീർഘനാൾ ഈടുനിൽക്കുന്ന തുണിത്തരങ്ങൾ ദേശീയപതാകയ്ക്കു വേണ്ടി കണ്ടെത്താനാണ് ഡൽഹി ഐഐടിയിലെ ഗവേഷകർ ശ്രമിക്കുന്നത്.
∙ ദേശീയ പതാകയുടെ പിറവി
പിംഗാളി വെങ്കയ്യ എന്ന ആന്ധ്രക്കാരനാണു ദേശീയപതാകയുടെ സ്രഷ്ടാവ്. 1917–18 കാലത്താണു ദേശീയപ്രസ്ഥാനത്തിന് ഒരു പൊതുവായ പതാക വേണമെന്നു പറഞ്ഞ് ആന്ധ്രയിലെ മസൂലിപട്ടണം സ്വദേശിയായ പിംഗാളി വെങ്കയ്യ ഗാന്ധിജിയെ സമീപിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതുകയും ചെയ്തു. എന്നാൽ വെങ്കയ്യയുടെ രൂപകൽപന ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടില്ല. ദേശീയ പ്രസ്ഥാനത്തിനു പൊതുവായ പതാക വേണമെന്നും സ്വയം പര്യാപ്തതയുടെ പ്രതീകമായ ചർക്ക അതിൽ വേണമെന്നും ഗാന്ധിജിയോടു നിർദേശിച്ചത് ജലന്തറിലെ ലാലാ ഹംസ്‍രാജ് സോന്ധിയാണ്. ആശയം ഗാന്ധിജിക്ക് ഇഷ്ടമായി.
1921ൽ കോൺഗ്രസ് സമ്മേളനത്തിനെത്തിയപ്പോൾ അദ്ദേഹം പഴയ വെങ്കയ്യയെ വിളിപ്പിച്ചു, ചർക്ക ആലേഖനം ചെയ്ത ചുവപ്പും പച്ചയും കലർന്ന ഒരു പതാക ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിനുള്ളിൽ വെങ്കയ്യ അതു തയാറാക്കിയെങ്കിലും അപ്പോഴേക്കും സമ്മേളനം സമാപിച്ചിരുന്നതിനാൽ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടില്ല.
രണ്ടു വർണങ്ങൾ പോരെന്നും സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായ വെളുപ്പു കൂടി വേണമെന്നും പിന്നീട് ഗാന്ധിജി നിർദേശിച്ചു. അങ്ങനെ മുകളിൽ വെള്ളയും നടുവിൽ പച്ചയും താഴെ ചുവപ്പും മൂന്നു ഭാഗങ്ങളെയും തൊട്ടുകൊണ്ടു ചർക്കയുമായി വെങ്കയ്യ തയാറാക്കിയതാണ് ദേശീയ പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും ആദ്യത്തെ പൊതുവായ പതാകയായി കണക്കാക്കപ്പെടുന്നത്. 1921ലെ കോൺഗ്രസ് സമ്മേളനത്തിൽ ഈ പതാക ഉയർത്തി. പിന്നീട് ഈ പതാക സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ഭാഗമായി. പതാകയുമായി ബന്ധപ്പെട്ട് പല ചരിത്രസംഭവങ്ങളും പിന്നാലെ അരങ്ങേറി.
ബ്രിട്ടൻ ഇന്ത്യ വിടാൻ തീരുമാനിച്ചതിനു പിന്നാലെ രൂപീകൃതമായ ഭരണഘടനാ നിർമാണസഭ 1947 ജൂൺ 23ന് സ്വതന്ത്ര ഇന്ത്യയുടെ പതാകയെക്കുറിച്ചു പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ചെറിയ മാറ്റം വരുത്തിക്കൊണ്ടു ത്രിവർണ പതാക തന്നെ സ്വീകരിക്കാനാണ് സമിതി നിർദേശിച്ചത്. ചർക്കയ്ക്കു പകരം അശോക ചക്രവർത്തിയുടെ ധർമചക്രം സ്വീകരിച്ചതായിരുന്നു പ്രധാന മാറ്റം. ഇതു സംബന്ധിച്ച പ്രമേയം 1947 ജൂലൈ 22നു നെഹ്റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ചു.
1947 ഓഗസ്റ്റ് 14 രാത്രി അസംബ്ലി സമ്മേളിച്ച് ഇന്ത്യയുടെ ഭരണം വൈസ്രോയിയിൽനിന്ന് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ പതാക ഉയർത്തിയില്ല. പതാക രാത്രിയിൽ ഉയർത്തരുതെന്ന ബ്രിട്ടന്റെയും ഇന്ത്യയുടെയും കീഴ്‍വഴക്കമനുസരിച്ചായിരുന്നു അത്. പകരം ഇന്ത്യയിലെ വനിതകളുടെ ഉപഹാരമായി ഹൻസ മേത്ത പതാക അസംബ്ലിയിൽ സമർപ്പിക്കുകയാണ് ചെയ്തത്. ഓഗസ്റ്റ് 15ന് ഉച്ചകഴിഞ്ഞായിരുന്നു യഥാർഥത്തിൽ പൊതുജനമധ്യത്തിലുള്ള പതാക ഉയർത്തൽ. രാജ്പഥിലെ ഇന്ത്യാ ഗേറ്റിനടുത്തു തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു അത്.
∙ ഉയരെ ത്രിവർണം
രാജ്യത്തെ ഉയരമുള്ള ദേശീയപതാകകൾ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം.
∙ ബെൽഗാവി (കർണാടക): രാജ്യത്തെ ഏറ്റവും ഉയരമുള്ള ദേശീയപതാക സ്ഥാപിച്ചിരിക്കുന്നത് ഇവിടെയാണ്. ബെൽഗാവി കോട്ടയിൽ 110 മീറ്റർ (361 അടി) ഉയരമുള്ള പതാക 2018ലാണു ഉദ്ഘാടനം ചെയ്തത്. വാട്ടർപ്രൂഫ് ഡെനിയർ പോളിസ്റ്റർ തുണി ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്.
∙ വാഗാ ബോർഡർ: അട്ടാരി ബോർഡറിൽ 360 അടി ഉയരത്തിലാണ് (110 മീറ്റർ) പതാക സ്ഥാപിച്ചിരിക്കുന്നത്. 2017ൽ അന്നു മന്ത്രിയായിരുന്ന അനിൽ ജോഷിയാണ് ഉദ്ഘാടനം ചെയ്തത്. 24 മീറ്റർ വീതിയുള്ള പതാകയുടെ ഭാരം 55 ടണ്ണോളം വരും
∙ ഭക്തി ശക്തി പുണെ: പിംമ്പ്‌രി ചിഞ്ച്‌വാഡ് ഭക്തി ശക്തി പാർക്കിലെ പതാക 351 അടി ഉയരത്തിലാണു സ്ഥാപിച്ചിരിക്കുന്നത്
∙ ഗുവാഹത്തി: മഹാത്മാഗാന്ധിജിയുടെ 150–ാം ജൻമദിനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്ത ഈ ദേശീയ പതാക സരനിയ ഹിൽസിന്റെ ഗാന്ധി മണ്ഡപത്തിലാണു നിലനിൽക്കുന്നത്. 319.5 അടിയാണ് ഉയരം
∙ കോലാപ്പുർ: കസബ ബാവ്ഡയിലെ പൊലീസ് ഗാർഡനിലുള്ള പതാകയ്ക്കു 303 അടിയാണ് ഉയരം. 24 ടണ്ണാണു ഭാരം.
English Summary: History of Indian flag