‘മേലിൽ ആവർത്തിക്കരുത്’; സംസ്ഥാന സമിതിയിൽ പി.ജയരാജന് വിമർശനം
Mail This Article
തിരുവനന്തപുരം ∙ പി.ജയരാജനു സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ വാക്കേറ്റത്തിന്റെ പേരിലാണ് പി.ജയരാജനും കെ.പി.സഹദേവും വിമര്‍ശിക്കപ്പെട്ടത്. മേലില്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് ചര്‍ച്ച ചെയ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ജയരാജനും സഹദേവനും തമ്മില്‍ ശക്തമായ വാക്പോര് നടന്നത്. അര്ജുന് ആയങ്കിയെ പോലെയുള്ളവര്‍ക്ക് പാര്‍ട്ടി ഓഫിസ് നിരങ്ങാന്‍ അവസരം നല്‍കിയെന്ന സഹദേവന്റെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. ഇക്കാര്യം മേല്‍ഘടകത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് സംസ്ഥാന സമിതി യോഗത്തില്‍ ഇരുവര്‍ക്കും വിമര്‍ശനമുണ്ടായത്.
പി.സതീദേവിയെ വനിതാ കമ്മിഷന് അധ്യക്ഷയാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. അടുത്തമാസം രണ്ടാമത്തെ ആഴ്ച സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു. ഡിസംബറിലും ജനുവരിയിലുമായി ജില്ലാ സമ്മേളനങ്ങള്‍ തീര്‍ക്കും. ഓണം കഴിഞ്ഞ് ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സമ്മേളന തീയതികള്‍ തീരുമാനിക്കും. ലോക്കല്‍ തലംവരെ സമ്മേളനങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തും. ജില്ലാ തലം വരെ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി.
English Summary: P. Jayarajan faces criticism in CPM state conference