ADVERTISEMENT

പട്ന ∙ ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും 23നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. 2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉണ്ടാകില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിൽ അറിയിച്ചിരുന്നു. തുടർന്നാണു ജാതി സെൻസസ് ആവശ്യവുമായി ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയത്.

ജാതി സെൻസസ് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം ബിഹാർ നിയമസഭ പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്കു പുറമെ ബിജെപിയും പിന്തുണച്ചിരുന്നു. ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രി നിതീഷുമായി നടത്തിയ ചർച്ചയിലാണു പ്രധാനമന്ത്രിയെ സമീപിക്കാൻ തീരുമാനമായത്. ബിഹാറിൽ നിന്നുള്ള പ്രതിനിധി സംഘത്തിനു കൂടിക്കാഴ്ചയ്ക്കു സമയം ആവശ്യപ്പെട്ടു നിതീഷ് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

എൻഡിഎ സഖ്യകക്ഷികളിൽ ജെഡിയുവിനു പുറമെ അപ്നാ ദളും റിപ്പബ്ലിക്കൻ പാർട്ടിയും ജാതി സെൻസസിന് അനുകൂലമാണ്. പ്രതിപക്ഷത്തു കോൺഗ്രസ്, ആർജെഡി, സമാജ്‌വാദി പാർട്ടി, എൻസിപി കക്ഷികൾ ജാതി സെൻസസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം ജാതി സെൻസസ് ആവശ്യപ്പെട്ടു രംഗത്തിറങ്ങിയതു ബിജെപിക്ക് ആശങ്കയുളവാക്കുന്നു. ജാതി സെൻസസ് വിഷയത്തിൽ മണ്ഡൽ പ്രക്ഷോഭകാലത്തെ പിന്നാക്ക ജാതി രാഷ്ട്രീയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആർജെഡി, സമാജ്‌വാദി പാർട്ടി നേതൃത്വങ്ങൾ. 

English Summary: Caste-based census: Nitish, Tejashwi among all-party delegation members to meet PM Modi on August 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com