ADVERTISEMENT

തെങ്കാശി∙ "കേരള മക്കൾക്ക് ഓണം പണ്ഡികൈ കൊണ്ടാടതക്ക് കായ്കറികളിലെല്ലാം ഏത്തി വിട്ടാച്ച് , ഇനിമേൽ കൊഞ്ചനാൾ നിമ്മതിയായി ഇരിക്കലാം”(കേരളത്തിലെ ജനങ്ങൾക്ക് ഓണം ആഘോഷിക്കാൻ പച്ചക്കറികളെല്ലാം കയറ്റി വിട്ടു, ഇനി കുറച്ചു വിശ്രമിക്കാം) ഇത് പറയുന്നത് നമ്മുടെ അയൽ സംസ്ഥാനത്തെ സഹോദരങ്ങളായ തമിഴ്നാട്ടിലെ കർഷകരാണ്. ഉത്രാട ചന്തയ്ക്കുള്ള പച്ചക്കറികള്‍ കേരളത്തിലേക്ക് കയറ്റി വിട്ടതിന്റെ സന്തോഷത്തിലാണ് ഓരോ കർഷകനും. ഒരു വർഷത്തെ പ്രയത്നത്തിനുള്ള പ്രതിഫലമാണ് കേരളത്തിലെ ഓണം നൽകുന്നതെന്ന പ്രത്യേകതയാണ് ഓരോ തമിഴ്കർഷകനുമുള്ളത്. കോവിഡും ലോക്ക്ഡൗണും വന്നതുമുതൽ അനുഭവിച്ച ബുദ്ധിമുട്ടിന് പരിഹാരം കാണാൻ കഴിഞ്ഞതും ഓണം മൂലമാണെന്നും ഇവർ പറയുന്നു. കോവിഡ് സമ്മാനിച്ച മനോവ്യസനം മറക്കാൻ കേരളീയരുടെ ദേശീയ ഉൽസവമായ ഓണം കൊണ്ട് സാധിച്ചെന്നു പറയാനും കർഷകർ മടിക്കുന്നില്ല. 

 

onam1

കഴിഞ്ഞ രണ്ട് ദിവസമായി ഉത്രാടത്തിനുള്ള പച്ചക്കറികളുടെ വിളവെടുപ്പും ഒരുക്കലുമെല്ലാമായിരുന്നു. ഇന്നലെ രാവിലെ മുതൽ തെങ്കാശി ജില്ലയിലെ പാവൂര്‍സത്രത്തിലെ മൊത്തവിതരണകേന്ദ്രത്തിലെത്തിച്ച പച്ചക്കറികൾ വൈകിട്ടോടെ അതിർത്തി കടത്തിവിടാനുള്ള തത്രപ്പാടിലായിരുന്നു. 

ചേന, കാച്ചിൽ, പടവലം, തക്കാളി,  മുരിങ്ങക്ക, വാഴക്കായ്, വെള്ളരി, കറിവേപ്പില തുടങ്ങി ഓണം ഉണ്ണാനുള്ള തൂശനിലവരെ ഇന്നലെ പാവൂർസത്രം മാർക്കറ്റിൽ നിന്നുമാണ് കേരളത്തിലെ തെക്കൻ ജില്ലകളിലേക്ക് കയറ്റിവിട്ടത്. മറ്റുള്ളവയെല്ലാം നേരത്തെതന്നെ എത്തിച്ചുകഴിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ദിവസവും 250 ലോഡിനു മുകളിൽ പച്ചക്കറികൾ കൊല്ലം ആര്യങ്കാവ് അതിർത്തി വഴി കേരളത്തിലേക്കെത്തിയിരുന്നു.

അച്ചാറിനുള്ള ചെറു നാരങ്ങ ലെമൺ സിറ്റിയിൽ നിന്നും

flowers2

ഓണത്തിന് അച്ചാറൊരുക്കാന്‍ ലെമൺ സിറ്റിയായ പുളിയങ്കുടി മാര്‍ക്കറ്റില്‍ നിന്നുമാണ് ചെറുനാരാങ്ങയും എത്തുന്നത്. ഓണവും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതലുളള ചിങ്ങത്തിലാണ് കേരളത്തിലേക്ക്  നാരാങ്ങായുടെ വരവ് കൂടുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ചെറുനാരങ്ങ മാര്‍ക്കറ്റും പുളിയങ്കുടിതന്നെയാണ്. കിലോയ്ക്ക് 20 രൂപമുതലാണ് കഴിഞ്ഞദിവസങ്ങളില്‍ പുളിയങ്കുടി മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. നാരങ്ങയിലെ ഒന്നാംതരവും രണ്ടാംതരവുമെല്ലാം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ശേഷിച്ചവയാണ് ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ലോഡുകണക്കിന് ചെറുനാരങ്ങ കേരളത്തിലേക്കെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നല്ലതോതില്‍ കുറവു വന്നതായി വ്യാപാരികള്‍ പറയുന്നു. ചിങ്ങത്തില്‍ വിവാഹങ്ങളുടെ സീസണയാതിനാല്‍ ചെറുനാരങ്ങായ്ക്ക് അത്തരത്തിലുള്ള ആവശ്യക്കാരും ഏറെയാണ്.

 

അത്തം മുതൽ പൂവും ഇവിടെ നിന്നുതന്നെ എത്തണം

അത്തം പിറന്നതുമുതൽ 10 ദിവസവും കേരളത്തിൽ പൂവിന് വൻ മാർക്കറ്റായിരുന്നു. എന്നാൽ 2 കൊല്ലമായി കോവിഡ് തീർത്ത ദുരിതത്തിൽ പൂവ് മാർക്കറ്റും പഴതുപോലെ പുഷ്പിച്ചില്ല. തമിഴ്നാട് തെങ്കാശി ജില്ലയിലെ തെങ്കാശി, ശങ്കരൻകോവില്‍ എന്നിവടങ്ങളിൽ നിന്നുമാണ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കുള്ള പൂവുകൾ എത്തുന്നത്. ഉത്രാടം, തിരുവോണ നാളുകളിൽ പൂവിന് ആവശ്യക്കാർ ഏറുമെന്ന പ്രതീക്ഷയിലാണ് മൊത്തവ്യാപാരികൾ. 

ജമന്തി, ട്യൂബ് റോസ്, അരളി, വടാമല്ലി, കോഴിവാലൻ, പിച്ചി, മുല്ല എന്നിവയ്ക്കാണ് ഓണക്കാലത്ത് ഡിമാന്റ്. ഓണത്തിനൊപ്പം വിവാഹ സീസൺകൂടി വന്നതിനാൽ കോവിഡിന്റെ പ്രതിസന്ധിയ്ക്ക് അൽപ്പം അയവ് വന്നിട്ടുണ്ട്.

 

English Summary: Kerala is ready to celebrate onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com