ഉദ്ധവുമായി പോര് കടുത്തു; 20 വര്‍ഷത്തിനിടെ അറസ്റ്റിലായ ആദ്യ കേന്ദ്രമന്ത്രിയായി റാണെ
Mail This Article
മുംബൈ ∙ 20 വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്യുന്ന ആദ്യ കേന്ദ്രമന്ത്രിയെന്ന ‘ബഹുമതി’ ബിജെപി നേതാവ് നാരായണ്‍ റാണെയ്ക്ക് സ്വന്തമായതിനു പിന്നില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പോര്. വര്‍ഷങ്ങളായി ശിവസേനയ്ക്കുള്ളില്‍ ഉദ്ധവിന്റെ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്ന റാണെ, താക്കറെ കുടുംബത്തിന്റെ കണ്ണിലെ കരടായിരുന്നു.
ശിവസേന വിട്ട് ബിജെപിയിലെത്തി കേന്ദ്രമന്ത്രിയായ റാണെയെ അവസരം കിട്ടിയപ്പോള്‍ ജയിലഴിക്കുള്ളിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. മുംബൈ അടക്കിവാഴുന്ന താക്കറെ കുടുംബത്തിലെ പ്രധാന കണ്ണിയുടെ മുഖത്തടിക്കുമായിരുന്നുവെന്നു പറയാന്‍ ഭയക്കാത്ത റാണെയെ മുന്‍നിര്‍ത്തിയുള്ള കരുനീക്കങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നത്.
2001ലാണ് ഇതിനു മുൻപ് രണ്ട് കേന്ദ്രമന്ത്രിമാര്‍ അറസ്റ്റിലാകുന്നത്. 2001 ജൂണ്‍ 30ന് കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലി മാരനെയും ടി.ആര്‍.ബാലുവിനെയും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പുലര്‍ച്ചെ വീട്ടില്‍നിന്നു വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ തടസ്സം പിടിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കരുണാനിധിയുടെ മരുമകനും കേന്ദ്ര വ്യവസായ മന്ത്രിയുമായിരുന്ന മുരശൊലി മാരന് പൊലീസ് നടപടിയില്‍ പരുക്കേറ്റു. തമിഴ്‌നാട് പൊലീസ് മൂവരെയും വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അന്നു വലിയ ചര്‍ച്ചയായി. തൊട്ടു പിറ്റേന്നു കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇരുവരെയും സന്ദര്‍ശിക്കാന്‍ ചെന്നൈയില്‍ എത്തുകയും ചെയ്തു.
എന്നാല്‍, 20 വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രം ആവര്‍ത്തിച്ചതാകട്ടെ ഒരു മുഖ്യമന്ത്രിയുടെ മുഖമടച്ച് അടി കൊടുത്തേനെയെന്നു പറഞ്ഞതിന്റെ പേരില്‍. കേന്ദ്രമന്ത്രിയായ ശേഷമുള്ള ജനസമ്പര്‍ക്ക യാത്രയ്ക്കിടെ കൊങ്കണിലെ സംഗമേശ്വറില്‍ ഊണു കഴിക്കുമ്പോഴായിരുന്നു റാണെയുടെ അറസ്റ്റ്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നു മുഖ്യമന്ത്രി മറന്നുപോയെന്നു കുറ്റപ്പെടുത്തി റാണെ തിങ്കളാഴ്ച ജനസമ്പര്‍ക്ക യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശമാണു വിവാദമായത്. രാത്രി വൈകി കോടതി റാണെയ്ക്ക് ജാമ്യം അനുവദിച്ചു.
ശിവസേനയുടെ ‘ശാഖ പ്രമുഖ്’ ആയി തുടങ്ങി മഹാരാഷ്ട്രാ മുഖ്യമന്ത്രിപദം വരെയെത്തിയ രാഷ്ട്രീയജീവിതമാണു 69 വയസ്സുകാരനായ റാണെയുടേത്. 1999ല്‍ ഒന്നാം സേന-ബിജെപി സഖ്യസര്‍ക്കാരില്‍ സേനയുടെ മനോഹര്‍ ജോഷിക്കു പകരക്കാരനായാണ് റാണെ എട്ടു മാസത്തോളം മുഖ്യമന്ത്രിയായത്. ഉദ്ധവും റാണെയും തമ്മിലുള്ള അഭിപ്രായഭിന്നത 2003ലാണു മറനീക്കി പുറത്തുവന്നത്. മഹാബലേശ്വര്‍ സമ്മേളനത്തില്‍ ഉദ്ധവിനെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ത്തു രംഗത്തെത്തിയ റാണെയെ 2005ല്‍ പാര്‍ട്ടിയില്‍നിന്നു ബാലാ സാഹെബ് താക്കറെ പുറത്താക്കി.
നിരവധി എംഎല്‍എമാരുമായി റാണെ കോണ്‍ഗ്രസിലെത്തി. 40 എംഎല്‍എമാരെ ഒപ്പം നിര്‍ത്തി സേനയെ പൊളിക്കാനുള്ള നീക്കം വിജയിച്ചില്ല. 2017ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2019ല്‍ ബിജെപിയില്‍ ലയിച്ച് രാജ്യസഭയിലെത്തി. കഴിഞ്ഞമാസമാണ് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രിയായത്. താക്കറെ കുടുംബത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന റാണെ ഒരിക്കലും ബാലാസാഹെബ് താക്കറെയ്‌ക്കെതിരെ രംഗത്തെത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ഉദ്ധവിന്റെ ഭാര്യ രശ്മി, മകന്‍ ആദിത്യ എന്നിവര്‍ക്കെതിരെയും റാണെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ഐപിസി 189 (പൊതുപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണഭീഷണി), 504 (ബോധപൂര്‍വമുള്ള അധിക്ഷേപം), 505 (സമാധാനത്തിനു ഭംഗമുണ്ടാക്കുന്ന പ്രസ്താവന) എന്നീ വകുപ്പുകളാണു റാണെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിവസേനാ പ്രവര്‍ത്തകര്‍ റാണെയ്‌ക്കെതിരെ തെരുവിലിറങ്ങിയതു സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. മുംബൈ ജുഹുവിലെ റാണെയുടെ വസതിക്കു മുന്നില്‍ സേനാ, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശി. നാസിക്കിലും മറ്റും ബിജെപി ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു.
ചെവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് മഹാഡ് കോടതി ജാമ്യം അനുവദിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. അറസ്റ്റില്‍നിന്നു സംരക്ഷണം തേടി ചൊവ്വാഴ്ച പകല്‍ റാണെയുടെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു മഹാഡ് കോടതിയില്‍ രാത്രി ഹാജരാക്കിയ വേളയിലാണു ജാമ്യം ലഭിച്ചത്.
English Summary: Narayan Rane, Union Minister gets arrested for the first time in 20 years