ADVERTISEMENT

ന്യൂഡല്‍ഹി∙ നവ്‌ജ്യോത് സിങ് സിദ്ദു ഉപദേശകരെ പുറത്താക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടി അതു ചെയ്യുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കലാപം ഉയര്‍ത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കു പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

പിസിസി അധ്യക്ഷന്റെ ഉപദേശകരെ പാര്‍ട്ടി നിയോഗിച്ചതല്ലെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ദു അവരെ പിരിച്ചുവിടണം. അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ താൻ ചെയ്യും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നവരെ ആവശ്യമില്ലെന്നും റാവത്ത് പറഞ്ഞു.  മുഖ്യമന്ത്രിക്കെതിരെ സിദ്ദുവിന്റെ ഉപദേശകര്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതു വിവാദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. 

പാക്കിസ്ഥാന്‍, കശ്മീര്‍ വിഷയങ്ങളിലെ പ്രതികരണത്തിന് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകരെ അമരിന്ദര്‍ കടന്നാക്രമിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിലെ അനധികൃത കടന്നുകയറ്റക്കാരാണെന്ന് സിദ്ദു പക്ഷത്തുള്ള മല്‍വിന്ദര്‍ മാലിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലിയാണ് വിവാദം കടുത്തത്. ജമ്മു വിഷയത്തില്‍ കോണ്‍ഗ്രസിനു കൃത്യമായ നയമുണ്ടെന്നും അതിനു വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ലെന്നും ഹരീഷ് റാവത്ത് എന്‍ഡിടിവിയോടു പറഞ്ഞു. 

അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരിന്ദര്‍ നയിക്കുമെന്നു ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘അമരിന്ദറിന്റെ നേതൃത്വത്തിലാകും 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുക.’- റാവത്ത് പറഞ്ഞു. 

അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നാല് മന്ത്രിമാരടക്കം 23 എംഎല്‍എമാര്‍ യോഗം ചേരുകയും അമരിന്ദറിനെ മാറ്റണം എന്നാവശ്യപ്പെട്ടു കേന്ദ്ര നേതൃത്വത്തിനു കത്തെഴുതും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അമരിന്ദറിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്.

English Summary: 'Sack Them Or I Will': A Congress Ultimatum To Navjot Sidhu On Advisers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com