വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ പുനർനിയമനം; വിവാദം
Mail This Article
കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽനിന്നു വിരമിച്ച സിഐടിയു നേതാവിന് ആസ്ഥാനത്ത് അതേ തസ്തികയിൽ വീണ്ടും നിയമനം. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ച ആൾക്കാണ് പുനർനിയമനം നൽകിയത്. കെഎച്ച്ആർഡബ്ള്യുഎസിൽനിന്നു തന്നെ വിരമിച്ചവരെ വീണ്ടും നിയമിക്കരുത് എന്ന നിലവിലുള്ള ഉത്തരവിനു (എ7–2508–09 –കെഎച്ച്ആർഡബ്ള്യുഎസ്) വിരുദ്ധമാണ് ഈ നടപടി എന്ന് ആരോപണമുണ്ട്. കെഎച്ച്ആർഡബ്ള്യുഎസ് ആസ്ഥാന ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽനിന്ന് ഒരു മാസം മുൻപാണ് സംഘടനാ നേതാവ് വിരമിച്ചത്.
ഇവിടെനിന്നു വിരമിച്ചവരെ വീണ്ടും നിയമിക്കരുതെന്നും അങ്ങനെ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഉടൻ പിരിച്ച് വിടണമെന്നുമായിരുന്നു 2014ൽ ഇറക്കിയ ഉത്തരവ്. ഈ ഉത്തരവ് പിൻവലിച്ചിട്ടുമില്ലെന്ന് ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. 30 വർഷത്തോളം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും ഒരു ആനുകൂല്യവും ലഭിക്കാതെ വിരമിക്കുകയും ചെയ്തതിനുശേഷം പുനർനിയമനം നൽകിയിരുന്ന താഴെത്തട്ടിലുള്ള ജീവനക്കാരെയാണ് 2014ലെ ഉത്തരവ് പ്രകാരം പുറത്താക്കിയത്. എന്നാൽ സർവീസിൽ സ്ഥിരനിയമനം ലഭിക്കുകയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും പറ്റി വിരമിക്കുകയും ചെയ്തവരെയാണ് ഇപ്പോൾ ഉത്തരവിനു വിരുദ്ധമായി വീണ്ടും നിയമിക്കുന്നത്.
അടുത്ത മാസം ആദ്യം ചേരാനിരിക്കുന്ന ഗവേണിങ് ബോഡിയിൽ നിയമനത്തിന് അംഗീകാരം വാങ്ങാനും ശ്രമിക്കുന്നുണ്ട്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (2), ഓവർസിയർ തസ്തികകളിലേക്ക് ജൂൺ 14നാണ് അപേക്ഷ ക്ഷണിച്ചത്. 23നായിരുന്നു അവസാന തീയതി. രണ്ട് അസിസ്റ്റന്റ് എൻജിനീയർ നിയമനം മാത്രമാണ് നടന്നത്. ഒരാൾ തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നു വിരമിച്ചയാളാണ്. മേൽതട്ടിൽ ഈ നിയമനം നടക്കാൻ സാധ്യതയുണ്ടെന്നു സ്ഥാപനത്തിലെ ജീവനക്കാരുടെ ഒരു സംഘടന ആരോഗ്യ മന്ത്രിക്ക് മാസങ്ങൾക്ക് മുൻപു പരാതി നൽകിയിരുന്നു. അതെല്ലാം ഉന്നതങ്ങളിൽതന്നെ പൂഴ്ത്തിവച്ചാണ് നിയമനം നടന്നത്.
∙ നിയമനം ക്രമപ്രകാരം: സുധീർ ബാബു, കെഎച്ച്ആർഡബ്ള്യുഎസ് എംഡി
കരാർ നിയമനത്തിൽ പ്രശ്നങ്ങൾ ഇല്ല. മാധ്യമങ്ങളിൽ പരസ്യം നൽകിയും നടപടി ക്രമങ്ങൾ പാലിച്ചുമാണ് നിയമനം നടത്തിയത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യാൻ യുവാക്കളെ ലഭിക്കില്ല. മാത്രമല്ല, വിരമിച്ചവരാവുമ്പോൾ ജോലിയിൽ പരിചയസമ്പന്നതയും ഉണ്ടാകും. ഈ തസ്തികയിലേക്ക് മൂന്നു പേർ അപേക്ഷ നൽകിയിരുന്നു. ഇദ്ദേഹത്തിനായിരുന്നു കൂടുതൽ യോഗ്യത.
English Summary: Controversy over re-appointment of CITU leader in KHRWS