‘കർഷകരുടെ തല തല്ലിപ്പൊളിക്കണം’: വിവാദ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും
Mail This Article
ന്യൂഡൽഹി∙ പ്രതിഷേധ റാലിക്കിടെ പൊലീസുകാർക്കു ‘കർഷകരുടെ തല തല്ലിപ്പൊളിക്കാൻ’ നിർദേശം നൽകിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കർനാൾ സബ് ഡിവിഷൻ മജിസ്ട്രേറ്റ് ആയുഷ് സിൻഹ പൊലീസുകാർക്കു നൽകിയ വിവാദ നിർദേശത്തിന്റെ വിഡോയോ പുറത്തുവന്നതിനു പിന്നാലെയാണു നടപടി.
‘2018 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനെതിരെയുള്ള വിഡിയോ വൈറലായിക്കഴിഞ്ഞു. രണ്ടു ദിവസത്തേക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്. എന്നാൽ 365 ദിവസം ഉറങ്ങാനാകാത്തവരാണു കർഷകർ. അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നുറപ്പാണ്.’– ജൻനായിക് ജനാതാ പാർട്ടി നേതാവുകൂടിയായ ചൗട്ടാല പറഞ്ഞു.
ബിജെപി യോഗത്തിനിടെ ഉപരോധവുമായെത്തിയ ഒരു സംഘം കർഷകര്‍ക്കു നേരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയിരുന്നു. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
കർഷകരുടെ മാർച്ച് നടക്കുന്നതിനിടെ പൊലീസുകാർക്കു ആയുഷ് സിൻഹ നൽകിയ നിർദേശം ഇങ്ങനെ, ‘കാര്യങ്ങൾ ലളിതമാണ്. ബാരിക്കേഡിനു സമീപമെത്താൻ ആരെയും അനുവദിക്കരുത്. ആരെങ്കിലും അതിനു ശ്രമിച്ചാൽ ലാത്തിയെടുക്കുക, വീശുക. ഒരാളെങ്കിലും ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചാൽ അയാളുടെ തല അടിച്ചുപൊളിച്ചിരിക്കണം.’
English Summary: Haryana Officer Who Asked Cops To "Crack Heads" Of Farmers To Face Action