അരുവിക്കര: വി.കെ. മധുവിനെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തും
Mail This Article
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്ന മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്താൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. ജില്ലാ സമ്മേളനം പാറശാലയിൽ വച്ച് നടത്താനും തീരുമാനിച്ചു.
അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതായി കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി മധുവിനെതിരെ പാർട്ടിക്കു പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണ കമ്മിഷനെ വച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻബാബു, സി.അജയകുമാർ, കെ.സി.വിക്രമൻ എന്നിവരായിരുന്നു അംഗങ്ങൾ. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ 32 കോടി രൂപ അരുവിക്കര മണ്ഡലത്തിൽ ചെലവഴിച്ചത് സ്ഥാനാർഥിത്വം ലക്ഷ്യമിട്ടായിരുന്നെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യം പാർട്ടി ഘടകങ്ങളെ അറിയിച്ചില്ല. സ്ഥാനാർഥിത്വം തീരുമാനിക്കും മുൻപേ സ്വന്തം നിലയിൽ ബൂത്ത് കമ്മിറ്റികൾ വിളിച്ചു ചുമതലക്കാരെ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനു പണം നൽകി. വിഡിയോ പ്രചരണത്തിനും നിർദേശം നൽകി. സ്റ്റീഫന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നു ജില്ലാ സെക്രട്ടേറിയറ്റിൽ നിലപാടെടുത്തു. സ്ഥാനാർഥിയല്ലാതെ നാട്ടിലേക്കു മടങ്ങാൻ കഴിയില്ലെന്നും പറഞ്ഞു. ലക്ഷക്കണക്കിനു പ്രവർത്തകർ ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും, ഇതിൽ എത്രപേർ സ്ഥാനാർഥികൾ ആകുന്നു, എത്രപേർക്കു മറ്റ് പദവികൾ ലഭിക്കുന്നു എന്നത് ഓർക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റിൽ കോടിയേരി വിമർശിച്ചതും കമ്മിഷന്‍ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രചാരണത്തിൽനിന്ന് ആദ്യഘട്ടത്തിൽവിട്ടുനിന്നത് വീഴ്ചയാണ്. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയായിരുന്നു ഇത്. മാധ്യമങ്ങളുടെ പ്രചാരണങ്ങൾക്ക് ഈ നടപടി ഊർജം പകർന്നു. പ്രവർത്തകർക്കും തുടക്കത്തിൽ നിരാശയുണ്ടായി. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളെ ആദ്യഘട്ടത്തിൽ ഇതു ബാധിച്ചെന്നും കമ്മിഷൻ കണ്ടെത്തി. വി.കെ.മധു ഒരാഴ്ചക്കാലം പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതിൽ ന്യായീകരണമില്ലെന്നും ഇതു പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും കമ്മിഷൻ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി ശുപാർശ ചെയ്തിരുന്നു.
അരുവിക്കരയിലെ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിർദേശിച്ചത് വി.കെ.മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി.സ്റ്റീഫനെ തീരുമാനിച്ചത്. 5046 വോട്ടിനാണ് സ്റ്റീഫൻ കെ.എസ്.ശബരീനാഥനെ തോൽപിച്ചത്.
English Summary: Aruvikkara, disciplinary action against VK Madhu