രോഗാണുക്കൾക്ക് വിഐപിമാരെ തിരിച്ചറിയാനുള്ള മാർഗമില്ല: വിമർശിച്ച് എസ്.എസ്.ലാൽ
Mail This Article
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജ് രോഗബാധയുള്ള ജില്ലയിൽ ചെന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ വിമർശിച്ച് ആരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ്.ലാൽ. സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രിമാർ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസ്സിനൊപ്പംനിന്ന് ആത്മധൈര്യം കൊടുക്കുന്നതും നല്ലതാണെന്നും എന്നാൽ രോഗാണുക്കൾക്ക് വിഐപിമാരെ തിരിച്ചറിയാനുള്ള മാർഗമില്ലാത്തതിനാൽ അവയ്ക്കു മുന്നിൽ ചെന്നുപെടാതെ നോക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ആരോഗ്യപ്രവർത്തകർക്ക് അവർ പഠിച്ച സുരക്ഷാ മാർഗങ്ങൾ ഓർമയുണ്ടാകും. ഇതു പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കും. ലാത്തിച്ചാർജിനും തീയണയ്ക്കാനും ഒക്കെ ആഭ്യന്തരമന്ത്രി നേരിട്ടു പോകാറില്ലെന്നത് ഓർത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
മന്ത്രി ചെയ്യേണ്ടതു മാത്രം മന്ത്രി ചെയ്യണം–ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത്
അപകട സാധ്യതയുള്ള സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രിമാർ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസ്സിനൊപ്പംനിന്ന് അവർക്ക് ആത്മധൈര്യം കൊടുക്കുന്നതും ഒക്കെ നല്ലതാണ്. രോഗബാധയുള്ള ജില്ലയുടെ ആസ്ഥാനത്തു ചെന്ന് ആദ്യ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി സഹായിക്കുന്നതും നല്ല കാര്യമാണ്. ഈ രീതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയതും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തുന്നതുമായ പ്രവർത്തനങ്ങൾ പ്രശംസാർഹമാണ്. മുൻപുള്ള ആരോഗ്യമന്ത്രിമാരും ഇതൊക്കെ ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. അവരും പ്രശംസ അർഹിക്കുന്നു.
ഇനി പറയാനുള്ളത് അതിലും പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രി നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാൽ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഐസി യൂണിറ്റിൽ വരെ മന്ത്രി കയറിച്ചെല്ലണം എന്നല്ല. അവിടെയൊക്കെ പണിയറിയാവുന്നവർ തന്നെയാണുള്ളത്. അതില്ലെങ്കിൽ പരിഹരിക്കേണ്ടത് ഇങ്ങനത്തെ അടിയന്തര ഘട്ടത്തിലുമല്ല.
മന്ത്രിമാർ മുന്നിൽനിന്നു രോഗവുമായി യുദ്ധം ചെയ്യണമെന്ന കീഴ്വഴക്കം ഉണ്ടായതു തന്നെ തെറ്റാണ്. പലപ്പോഴും മന്ത്രിമാരുടെ സാന്നിധ്യം ആശുപത്രി പ്രവർത്തനങ്ങൾക്കു തടസമാണ്. ചികിത്സയിലെ ശ്രദ്ധമാറി മന്ത്രിയുടെ പ്രോട്ടോക്കോൾ വിഷയങ്ങളിലേക്കു ചർച്ച മാറും. പെരുമൺ ദുരന്തം ഉണ്ടായപ്പോഴും അതുപോലെ മറ്റു ചില അവസരങ്ങളിലും ഇത്തരം സാഹചര്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ നേരിട്ടു കണ്ടിട്ടുണ്ട്. അത്യാഹിത വിഭാഗം സന്ദർശിച്ച മന്ത്രിമാരുടെ ചിത്രമെടുക്കാനുള്ള മാധ്യമ തിരക്ക്. ആ ഫോട്ടോയിൽ കയറിക്കൂടാൻ ചില ആശുപത്രി അധികൃതരുടെ മത്സരം. അതിനിടയിൽ രോഗികൾ വിസ്മരിക്കപ്പെട്ട സന്ദർഭങ്ങൾ. ഒടുവിൽ ചില പ്രമുഖരോടു തിരികെ വീട്ടിൽ പോകാൻ അഭ്യർഥിക്കേണ്ടി വന്നു. സ്വൈര്യമായി ചികിത്സ നൽകാൻ.
സാംക്രമിക രോഗം പടർന്ന സ്ഥലത്തു തന്നെ മന്ത്രി എത്തുന്നത് അവിടെ വീണ്ടും ആൾക്കൂട്ടമുണ്ടാകാൻ കാരണമാകും. രോഗവ്യാപനത്തിന് അതും കാരണമാകും. രോഗാണുക്കൾക്ക് വിഐപിമാരെ തിരിച്ചറിയാനുള്ള മാർഗമില്ലാത്തതിനാൽ അവയ്ക്കു മുന്നിൽ ചെന്നുപെടാതെ നോക്കണം. മന്ത്രിമാരുടെ ജീവനും പ്രധാനപ്പെട്ടതാണ്. ആരോഗ്യപ്രവർത്തകർക്ക് അവർ പഠിച്ച സുരക്ഷാ മാർഗങ്ങൾ ഓർമയുണ്ടാകും. ഇതു പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കും. ലാത്തിച്ചാർജിനും തീയണയ്ക്കാനും ഒക്കെ ആഭ്യന്തരമന്ത്രി നേരിട്ടു പോകാറില്ല എന്ന് ഓർത്താൽ മതി.
കേരളത്തിൽ ഒരു മന്ത്രിസഭ ഇല്ലെങ്കിലും ആരോഗ്യരംഗം പ്രവർത്തിക്കും. കാരണം അത്തരത്തിൽ വിശാലവും വികേന്ദ്രീകൃതവുമാണ് ആരോഗ്യരംഗം. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ അധികാരി ആരോഗ്യവകുപ്പ് ഡയറക്ടർ ആണ്. മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ ഒന്നുമല്ല. ആരോഗ്യവകുപ്പ് ഡയറക്ടർ മുതൽ വകുപ്പിന്റെ ഏറ്റവും അറ്റത്തുള്ള പൊതുജനാരോഗ്യ ജീവനക്കാരും ആശാവർക്കർമാർ തുടങ്ങിയ സന്നദ്ധ സേവകരും മെഡിക്കൽ കോളജുകളും സ്വകാര്യാശുപത്രികളും ഒക്കെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആരോഗ്യരംഗം ഇങ്ങനെ നിലനിൽക്കുന്നത്. രോഗങ്ങൾ കൃത്യമായി ചികിത്സിക്കപ്പെടുന്നത്. അല്ലാതെ മന്ത്രിമാരെ കണ്ടോ സർക്കാർ ഉത്തരവുകളെ ഭയന്നോ രോഗാണുക്കൾ തിരിഞ്ഞോടുന്നതല്ല. സിനിമകളിൽ മാത്രമാണ് അതൊക്കെ സംഭവിക്കുന്നത്. ആശുപതികളിൽ അങ്ങനെയല്ല.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇപ്പോൾ ആർക്കും അറിയാത്ത ഏതോ മനുഷ്യനാണ്. കോവിഡ് വന്നപ്പോൾ ഉണ്ടായ മറ്റൊരു നഷ്ടം ഇതാണ്. ആദ്യ ദിനങ്ങളിൽ നേതൃത്വം കൊടുത്ത ആരോഗ്യവകുപ്പ് ഡയറക്ടറിൽനിന്നും ആരോഗ്യമന്ത്രി അതു തട്ടിയെടുത്തു. ആരോഗ്യമന്ത്രിയിൽനിന്ന് അതു മുഖ്യമന്ത്രി തട്ടിയെടുത്തു. സമർഥയായ ഒരു വനിത ഡോക്ടർ ആയിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടർ. കോവിഡിനിടയിൽ അവർ ജോലി ഉപേക്ഷിച്ചു പോയി. ഇപ്പോൾ നിയന്ത്രണം ആരോഗ്യസെക്രട്ടറിയുടെ കയ്യിൽ ആണത്രെ. വലിയ ദുരിതത്തിനിടയിലും ആരോഗ്യവകുപ്പിനെ വീണ്ടും അടിമുടി ശക്തിപ്പെടുത്താനുള്ള അവസരമായിരുന്നു കോവിഡ്. അതും നഷ്ടപ്പെടുത്തി.
ജില്ലകളിലും കാര്യങ്ങൾ വ്യത്യസ്തമല്ല. പലയിടത്തും കോവിഡിന്റെ ജില്ലാ അവലോകന യോഗങ്ങൾ നയിക്കുന്നത് പൊലീസ് സൂപ്രണ്ടുമാരാണ്. പൊതുജനാരോഗ്യ പ്രശ്നമായ കോവിഡിനെ അങ്ങനെ ക്രമസമാധാന പ്രശ്നമാക്കി. പലയിടത്തും ജില്ലാ മെഡിക്കൽ ഓഫിസർമാർ നോക്കുകുത്തികളായി മാറി. ആരോഗ്യവകുപ്പിനെ വളരെ ആസൂത്രിതമായി തകർത്തതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. മുൻ ആരോഗ്യമന്ത്രിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചുകൊണ്ട് തന്നെ പറയട്ടെ, ഈ തകർച്ചയ്ക്ക് അവർ കൂടി ഉത്തരവാദിയാണ്. മുഖ്യമന്ത്രിയും.
ലോകത്തെ മിക്ക മനുഷ്യർക്കും ഇഷ്ടമല്ലാത്ത യുഎസ് മുൻ പ്രസിഡന്റ് ട്രംപ് പോലും അദ്ദേഹത്തിനൊപ്പം ഡോക്ടർ ഫൗച്ചി എന്ന വിദഗ്ധനെ കൂട്ടിയാണു പത്ര സമ്മേളനങ്ങൾ നടത്തിയിരുന്നത്. ശാസ്ത്രത്തേയും ഫൗച്ചിയേയും വെറുത്തിരുന്ന ട്രംപ് പോലും ആ മഹാമനസ്കത കാണിച്ചു. എല്ലാ അധികാരവും ഉള്ള താൻ ഒരു ശാസ്ത്രജ്ഞനല്ല എന്ന കാര്യം ട്രംപ് പോലും തിരിച്ചറിഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ നമ്മുടെ ആരോഗ്യമന്ത്രി ട്രംപിനെയെങ്കിലും മാതൃകയാക്കണം. ഇന്നത്തെ പത്രസമ്മേളനത്തിൽ മന്ത്രി ബുദ്ധിമുട്ടുന്നതു കണ്ടിട്ടാണ് ഇത് പറയുന്നത്. ഞാൻ കണ്ട വാർത്തയിൽ മന്ത്രി മാത്രമാണ് സംസാരിച്ചത്. വിദഗ്ധർ ഉളളതായി കണ്ടില്ല.
ആരോഗ്യമന്ത്രിയായ ദിവസം തന്നെ ആരോഗ്യ വിഷയങ്ങളിലെല്ലാം വൈദഗ്ധ്യം ഉണ്ടാകില്ല. ആരും അതു താങ്കളിൽനിന്നും പ്രതീക്ഷിക്കുന്നുമില്ല. സമയമെടുക്കും, അടിസ്ഥാന കാര്യങ്ങൾ പോലും മനസ്സിലാകാൻ. അതുവരെയും അതിന് ശേഷവും ആരോഗ്യവകുപ്പ് ഡയറക്ടറെയോ അദ്ദേഹം നിയോഗിക്കുന്ന വിദഗ്ധരെയോ ഒപ്പം കൂട്ടുക. ശാസ്ത്രകാര്യങ്ങൾ വരുമ്പോൾ അവരെക്കൊണ്ട് പറയിക്കുക. അതിന് വിശ്വാസ്യത കൂടും. ജില്ലകളിൽ അവിടത്തെ ജില്ലാ മെഡിക്കൽ ഓഫിസർമാരെ കൂട്ടുക. കഴിവില്ലാത്തവർ ആ കസേരകളിൽ ഉണ്ടാകാൻ വഴിയില്ല. അഥവാ ഉണ്ടെങ്കിൽ അവരെ പരിശീലിപ്പിക്കുക. എന്നിട്ടും മെച്ചപ്പെടുന്നില്ലെങ്കിൽ അവരെ മാറ്റുക. ഇത്തവണയും നിപ കൃത്യ സമയത്ത് തന്നെ കണ്ടുപിടിക്കുന്നതിൽ താമസമുണ്ടായെങ്കിൽ അതന്വേഷിക്കണം. അക്കാര്യത്തിൽ തങ്കളോടൊപ്പമാണ്.
നിപയുടെ പേരു പറഞ്ഞ് വീണ്ടും വലിയ ഭീതിയുണ്ടാക്കുന്നവരെ ഒഴിവാക്കുക. ആ അജണ്ട തെറ്റാണ്. വിദഗ്ധരെയാണ് അവിടെ ആവശ്യം. മന്ത്രിമാരെയും പാർട്ടിക്കാരെയുമല്ല. ആരോഗ്യവകുപ്പിന്റെ ഉദ്യാഗസ്ഥന്മാരെ ശാക്തീകരിക്കാനായി ഓരോ അവസരവും ഉപയോഗിക്കുക. കാരണം അവരാണ് ഇവിടെ ബാക്കിയുണ്ടാകുക. മന്ത്രിസഭയും മന്ത്രിമാരും മാറി വരും. ഒരിക്കൽ ആരോഗ്യമന്ത്രിയായ ആൾ പിന്നീട് ആരോഗ്യമന്ത്രി പോയിട്ട് മന്ത്രി തന്നെ ആകണമെന്നില്ല. കൂടുതൽ വിശദമാക്കേണ്ടല്ലോ. ആരോഗ്യമന്ത്രി ഈ കുറിപ്പ് വായിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. എഴുതിയ ആൾ കോൺഗ്രസാണ് എന്നൊക്കെ ചില കുബുദ്ധി ഉപദേശകർ പറഞ്ഞു തരും. മന്ത്രിയത് കാര്യമാക്കരുത്. ഈ ഉപദേശകരാണ് കോവിഡിൽ കേരളത്തെ ഇവിടം വരെ എത്തിച്ചത്. ഞാനൊരു വിദഗ്ധനാന്നെന്ന് സ്വയം അവകാശപ്പെടുന്നില്ല. എന്നാൽ ലോകത്ത് പലയിടത്തും പൊതുജനാരോഗ്യം പഠിപ്പിക്കുന്ന ഒരധ്യാപകനാണ്. അധ്യാപക ദിനമായ ഇന്ന് ഒരധ്യാപകൻ പറഞ്ഞ വരികളായി മാത്രം ഇതിനെ കരുതിയാൽ മതി. ഒരു കുഴപ്പവും ഉണ്ടാകില്ല.
ആരോഗ്യമന്ത്രിയെന്ന നിലയിൽ തങ്കളുടെ ഓരോ ചുവടും ഭദ്രമാകേണ്ടതു ഞങ്ങൾ മുഴുവൻ പേരുടെയും ആവശ്യമാണ്. താങ്കൾക്ക് പിഴച്ചാൽ അപകടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. പാർട്ടി വ്യത്യാസമോ ജാതിമത വ്യത്യാസമോ ഇല്ലാതെ. അതിനാൽ താങ്കളുടെ വിജയം സംസ്ഥാനത്തിന്റെ വിജയമായിരിക്കും. അതിന് നാട്യങ്ങളോ സിനിമയെടുക്കലോ അവാർഡോ ഒന്നും വേണ്ട. ഇതൊന്നുമില്ലാതെയാണ് ആരോഗ്യരംഗത്ത് കേരളം പണ്ടേ മുന്നിലായത്. ആ ചരിത്രം മാത്രം വായിച്ചു പഠിച്ചാൽ മതി. അതിന്റെ മുകളിൽ ബാക്കി പണി ചെയ്താൽ മതി. തെറ്റുകൂടാതെ. ചുവടുകൾ പിഴയ്ക്കുന്നതായി തോന്നിയാൽ ഇനിയും ചൂണ്ടിക്കാട്ടും. തിരുത്തിയില്ലെങ്കിൽ ഇനിയും എതിർക്കും. മുഖം നോക്കാതെ. ശക്തമായി.വ്യക്തിയെന്ന നിലയിൽ താങ്കളോടുള്ള സകല ബഹുമാനത്തോടെയും.
English Summary: SS Lal's social media post against against Veena George