ADVERTISEMENT

സാൻ സാൽവദോർ∙ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ഔദ്യോഗമായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. ചൊവ്വാഴ്ച മുതലാണ് ബിറ്റ്കോയിൻ രാജ്യത്ത് പ്രാബല്യത്തിലായത്. കടബാധ്യത നിറഞ്ഞ രാജ്യമായ എൽ സാൽവദോറിന്റെ സമ്പദ്ഘടനയിൽ എന്തു മാറ്റമാണ് ബിറ്റ് കോയിൻ വരുത്തുക എന്നു വീക്ഷിക്കുകയാണ് സാമ്പത്തിക ലോകം.

സ്വന്തമായി കറൻസി ഇല്ലാത്ത ഈ രാജ്യത്ത് യുഎസ് ഡോളറാണ് ഉപയോഗിക്കുന്നത്. 20 മില്യൻ ഡോളർ മൂല്യമുള്ള 400 ബിറ്റ് കോയിൻ വാങ്ങിയതായി പ്രസിഡന്റ് നയിബ് ബൂകെൽ അറിയിച്ചു. പരീക്ഷണം വിജയിച്ചാൽ മറ്റു രാജ്യങ്ങളും ബിറ്റ് കോയിൻ ഉപയോഗിക്കുന്നത് ആരംഭിച്ചേക്കും. എൽ സാൽവദോർ ദേശീയ ഐഡി നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്തവർക്ക് ബിറ്റ് കോയിൻ ലഭ്യമാകും. സാധനങ്ങൾ വാങ്ങുന്നതിനും നികുതി അടയ്ക്കുന്നതിനുമെല്ലാം ബിറ്റ് കോയിൻ ഉപയോഗിക്കാം.

കൂടുതൽ ആളുകൾ ബിറ്റ് കോയിൻ ഉപയോഗിക്കാൻ തുടങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജെറാർദോ ബാറിയോസ് പ്ലാസ, സാൻ സാൽവദോർ എന്നിവിടങ്ങളിൽ ബിറ്റ് കോയിൻ എടിഎം കൗണ്ടറുകൾ തുറന്നു. ബിറ്റ് കോയിൻ ഡോളറാക്കി മാറ്റി പിൻവലിക്കാൻ സാധിക്കും. രാജ്യത്താകെ 200 ബിറ്റ് കോയിൻ എടിഎമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബിറ്റ്കോയിനായി സർക്കാർ ബാങ്കായ ബാങ്കോ ഡെ ഡെസരാലോയ്ക്ക് 150 മില്യൻ ഡോളറാണ് സാമ്പത്തിക മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്. 

കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഏകദേശം 25.67 ലക്ഷം രൂപയാണ്. ഡിജിറ്റൽ കറൻസി ബിറ്റ്കോയിന് നിയമസാധുത നൽകിയതിലൂടെ പണമിടപാടിൽ പൗരന് കൂടുതൽ സൗകര്യമാണ് എൽ സാൽവദോർ തുറന്നിടുന്നത്. 2001മുതൽ എൽ സാൽവദോറിന്റെ ഔദ്യോഗിക കറൻസി യുഎസ് ഡോളറാണ്.  ഇനി രാജ്യത്ത് യുഎസ് ഡോളർ, ബിറ്റ്കോയിൻ എന്നിവയിൽ ഇഷ്ടമുള്ളത് വിനിമയത്തിനു തിരഞ്ഞെടുക്കാം.

വിദേശത്തു താമസിക്കുന്നവർക്ക് നാട്ടിലേക്ക് ബിറ്റ്കോയിനായി പണം അയയ്ക്കാം. എൽ സാൽവദോറിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറിയ പങ്കും വിദേശത്തുള്ള പൗരന്മാർ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്. ഇത് ആഭ്യന്തര ഉൽപാദനത്തിന്റെ 5 ഇരട്ടിയാണ്. ബിറ്റ് കോയിൻ ഇടപാട് ആരംഭിച്ചാൽ ഫീസ് ഇനത്തിൽ പ്രതിവർഷം 400 മില്യൻ ഡോളർ ലാഭിക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

അതേസമയം, 100 കോടി ഡോളറിന്റെ പദ്ധതിക്കായി രാജ്യാന്തര നാണ്യനിധിയുമായി(ഐഎംഎഫ്) ചർച്ച നടത്തുന്ന എൽ സാൽവദോറിന് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നാണു  നിരീക്ഷകരുടെ വിലയിരുത്തൽ. 

ബിറ്റ്കോയിൻ

ബാങ്ക് ഇടപെടൽ ഇല്ലാതെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെയാണ്  ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള പണം കൈമാറ്റം. 2009ൽ പുറത്തിറങ്ങിയ ബിറ്റ്കോയിൻ ആണ് ആദ്യത്തെ ക്രിപ്റ്റോകറൻസി. സതോഷി നാകമോട്ടോ എന്ന പേരിലറിയപ്പെടുന്ന അജ്ഞാതനായ ജാപ്പനീസ് ഡവലപ്പറാണ് ബിറ്റ്കോയിന്റെ സൃഷ്ടാവ്. സാങ്കൽപിക നാണയമാറ്റ കേന്ദ്രങ്ങളായ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ഇവയുടെ കൈമാറ്റം.

ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറിലാണു ക്രിപ്റ്റോകറൻസി സൂക്ഷിക്കപ്പെടുന്നത്. ക്രിപ്റ്റോകറൻസികളുടെ വിനിമയനിരക്കു കമ്പോളത്തിലെ ആവശ്യ-ലഭ്യതകൾക്ക് അനുസരിച്ച് മാത്രം മാറുന്നതാണ്.

English Summary: Bitcoin; El Salvador Makes It Official Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com