ADVERTISEMENT

കോഴിക്കോട്∙ ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോണ്‍ഗ്രസിലെ പ്രശ്നമെന്ന് കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരന്‍ എംപി.  സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചു. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും പോരാടണമെന്ന് മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ.പ്രവീണ്‍കുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസിൽ ഗ്രൂപ്പിന്റെ പേരിലുള്ള വീതം വയ്പ് ഇനിയുണ്ടാകില്ല. പണ്ടും ഗ്രൂപ്പുണ്ടായിരുന്നു. അന്നു പക്ഷേ കോൺഗ്രസിനെ വെല്ലാൻ പറ്റുന്ന പാർട്ടി കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നില്ല. ഇന്നു പക്ഷേ അതല്ല സ്ഥിതി. പാർലമെന്റിലെ സെന്റർ ഹാളിൽ ചേർന്നിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഒരു മുറിയിലാണ് ഇപ്പോൾ ചേരുന്നത്. കേരളത്തിൽ തുടർച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ടു. ഗ്രൂപ്പിന്റെ പേരിലുള്ള വീതം വയ്പാണു പാർട്ടിയെ ക്ഷയിപ്പിച്ചത്. ജംബോ കമ്മിറ്റികൾ വന്നപ്പോൾ പാർട്ടി എന്താണ് എന്നറിയാത്തവർ പോലും ഭാരവാഹികളായി. സംസ്ഥാനത്ത് 5 വർഷം കൂടുമ്പോൾ ഭരണമാറ്റം എന്നതു ഭരണഘടനാ ബാധ്യതയാണെന്നു ചിലർ കരുതി. നിയമസഭാ തിരഞ്ഞെടുപ്പിൽ വീടുകളിൽ അഭ്യർഥന എത്തിക്കാൻ പോലും ആളുണ്ടായിരുന്നില്ല. പക്ഷേ ബൂത്തിന്റെ കണക്കു പറഞ്ഞു പണം വാങ്ങി. എന്തു കൊണ്ടു തോറ്റു എന്നതിലല്ല, 41 സീറ്റിൽ എങ്ങനെ ജയിച്ചു എന്നാണ് അദ്ഭുതം. 

സർക്കാർ കിറ്റ് കൊടുത്തതു കൊണ്ടാണ് നമ്മൾ തോറ്റതെന്നാണ്  പറയുന്നത്. വടകരയിലും കൊടുവള്ളിയിലും ഹരിപ്പാടും പറവൂരുമെല്ലാം കിറ്റ് കൊടുത്തില്ലേ. എന്നിട്ടും അവിടെ ജയിച്ചു. താഴേത്തട്ടിൽ പ്രവർത്തകർ ഇല്ലാത്തതാണ് തോൽവിക്കു കാരണം. പിന്നെ എൽഡിഎഫിന്റെ പിആർ വർക്കും. കിറ്റ് പിണറായി വിജയൻ നൽകുന്നതാണ് എന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ യുഡിഎഫിന് ആയില്ല. എൽഡിഎഫ് പലതരം പ്രചാരണങ്ങളിലൂടെ ഓരോ സമുദായത്തെയായി യുഡിഎഫിൽ നിന്ന് അകറ്റി. 

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റും. വാളെടുത്തവർ എല്ലാം ഇനി വെളിച്ചപ്പാടാവില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ജനകീയ നേതാക്കളാണെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി സ്വീകരിച്ചാവും മുന്നോട്ടുപോവുകയെന്നും മുരളീധരൻ പറഞ്ഞു. 

English Summary: K Muraleedharan says congress issues are solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com