ADVERTISEMENT

പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ലലൻ സിങ് പാർട്ടിയിൽ വെട്ടിനിരത്തൽ തുടങ്ങി. മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ആർ.സി.പി.സിങ്ങിന്റെ അനുയായികളെയാണു തിരഞ്ഞു പിടിച്ച് ഒഴിവാക്കുന്നത്. പാർട്ടിയിൽ ലലൻ സിങ്–ആർ.സി.പി.സിങ് ഗ്രൂപ്പു പോരു തടയാനാകാതെ നിസ്സഹായനായി നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.

ആർ.സി.പി.സിങ് അധ്യക്ഷനായിരിക്കെ രൂപീകരിച്ച 32 സെല്ലുകൾ ലലൻ സിങ് പിരിച്ചുവിട്ടു. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ വരെ രൂപീകരിച്ച സെല്ലുകളാണ് ലലൻ സിങ് പിരിച്ചുവിട്ടത്. ആർ.സി.പി.സിങ്ങിന്റെ അനുയായികളെ കുത്തിനിറയ്ക്കാനാണ് സെല്ലുകൾ രൂപീകരിച്ചതെന്നാണ് ലലൻ സിങ് പക്ഷത്തിന്റെ ആക്ഷേപം.

ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളുടെ പ്രഭാരിമാരായിരുന്ന നേതാക്കളെയും ചുമതലയിൽ നിന്നൊഴിവാക്കി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിൽ കുമാറിനെയും ചന്ദൻ കുമാർ സിങ്ങിനെയും സംസ്ഥാന കാര്യാലയത്തിലെ നിർണായക ചുമതലകളിൽ നിന്നൊഴിവാക്കി കിഷൻഗഞ്ച്, അരാരിയ ജില്ലകളിലേക്കു പറഞ്ഞു വിട്ടു.

വെട്ടിനിരത്തൽ പ്രതീക്ഷിച്ചിരുന്ന കേന്ദ്രമന്ത്രി ആർ.സി.പി.സിങ് ഉറ്റ അനുചരരായ മൂന്നു പേരെ തന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തസ്തികകളിൽ നിയമിച്ചിരുന്നു. മുൻ എംഎൽഎ അഭയ് ഖുശ്വാഹയെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. കേന്ദ്രമന്ത്രി സ്ഥാനമേറ്റ ശേഷം പട്നയിലെത്തിയ ആർ.സി.പി.സിങ്ങിനു വൻസ്വീകരണം സംഘടിപ്പിച്ചത് അഭയ് ഖുശ്വാഹയുടെ നേതൃത്വത്തിലാണ്. സ്വീകരണ പോസ്റ്ററുകളിൽ പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിങിന്റെ ചിത്രം ഒഴിവാക്കിയതു വിവാദമായിരുന്നു.

English Summary: Two more aides of Union Minister RCP Singh removed from JDU posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com