യുപിയില്‍ യോഗിയെ വീഴ്ത്താന്‍ പ്രിയങ്ക; ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല
Mail This Article
ലക്‌നൗ∙ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും ആയ സൽമാൽ ഖുർഷിദ്. വേറൊരു രാഷ്ട്രീയ പാർട്ടിയുമായും യുപിയിൽ സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. എന്നാൽ ആർക്കെങ്കിലും കോൺഗ്രസിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
‘പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാകും കോൺഗ്രസ് യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. വിജയം ഉറപ്പിക്കുന്നതിനായി പ്രിയങ്ക കഠിന പരിശ്രമമാണ് നടത്തുന്നത്. പിന്നീട് പ്രിയങ്ക തന്നെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിക്കും’– യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഖുർഷിദ് പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കും കർഷകരുടെ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന പ്രകടന പത്രികയാകും കോൺഗ്രസിന്റേതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും പ്രാധാന്യം നൽകും. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുമായി ആശയവിനിമയം നടത്തി വരികയാണെന്നും അവരുടെ ശബ്ദമായിരിക്കും പത്രികയിൽ പ്രകടമാവുകയെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ നടന്ന തരിഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളിൽ 312ഉം ബിജെപി തൂത്തുവാരി. സമാജ്‌വാദി പാർട്ടി 47ഉം ബിഎസ്പി 19ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിൽ ഒതുങ്ങി.
English Summary : Priyanka Gandhi Will Lead Congress' UP Poll Campaign: Salman Khurshid