ADVERTISEMENT

കൊച്ചി∙ കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകി. അതേസമയം സാക്ഷി വിസ്താരം പൂർത്തിയാകുന്നതു വരെ കോടതി നടപടികൾക്കായി ജില്ലയിൽ പ്രവേശിക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. 

നിയമസഭ വോട്ടെടുപ്പു ദിവസമാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ ബൂത്ത് ഏജന്റായിരുന്ന മൻസൂറിന്റെ സഹോദരനെ ലക്ഷ്യംവച്ച് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു പ്രതികൾ. ബോംബേറിൽ കാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ മൻസൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആക്രമണം നടത്തി എന്നാണ് പൊലീസ് റിപ്പോർട്ട്. 

എഫ്ഐആറിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 11 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ ജില്ലാ അതിർത്തിയായ കോഴിക്കോട് ചെക്യാട് അരൂണ്ടയിൽ തൂങ്ങി മരിച്ച നിലയിൽ പിന്നീടു കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്നു തന്നെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. ലോക്കൽ പൊലീസ് അന്വേഷിച്ചകേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചിരുന്നു. വാട്സാപ്പിലൂടെയായിരുന്നു പ്രതികളുടെ ഗൂഢാലോചനയും പദ്ധതികളും. ഇതു ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. 

English Summary : Mansoor murder case culprits got bail from high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com