കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീൽ
Mail This Article
മലപ്പുറം∙ 'ചന്ദ്രിക' സാമ്പത്തിക ക്രമക്കേട് കേസിൽ പി.കെ കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായതിനു പിന്നാലെ പരിഹാസവുമായി കെ.ടി. ജലീൽ. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനു വിധേയനാകാൻ മൂപ്പരെത്തിയെന്നും കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേസിൽ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയത്. എന്നാൽ വൈകീട്ട് നാലോടെയാണ് അഭിഭാഷകനൊപ്പം കുഞ്ഞാലിക്കുട്ടി എത്തിയത്. പറഞ്ഞ സമയത്ത് ഹാജരാകാത്തതിനെ പരിഹസിച്ചും കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ രംഗത്തെത്തിയിരുന്നു. ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇഡി ഓഫിസ് മാറ്റുന്ന ലക്ഷണമുണ്ടെന്നും, കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാൻ ഇഡിപ്പട വരുമ്പോൾ സമുദായത്തിന്റെ നെഞ്ചിലേക്കുള്ള വെടിയുതിർക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യിൽ വെച്ചാൽ മതിയെന്നുമാണ് ജലീൽ നേരത്തേ കുറിച്ചത്.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ ഇഡി വിളിപ്പിച്ചത്. നോട്ടുനിരോധന കാലത്ത് ചന്ദ്രികയുടെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടുന്നത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇഡി കേസെടുക്കുകയായിരുന്നു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല
ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി . കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.
English Summary: KT Jaleel against P.K Kunhalikkutty.