ADVERTISEMENT

കൊൽക്കത്ത ∙ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ട് രണ്ടു മാസത്തിനു ശേഷമാണ് പുതിയ തട്ടകത്തിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ സജീവരാഷ്ട്രീയത്തിൽനിന്നു വിടവാങ്ങുകയാണെന്നും എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ എംപിയായി തുടരുമെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോൾ തൃണമൂലിലേക്ക് എത്തുന്നത്. ‘ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭാ എംപി ഡെറിക് ഒബ്രിയൻ എന്നിവരുടെ സാന്നിധ്യത്തിൽ, മുൻ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ ബാബുൽ സുപ്രിയോ തൃണമൂൽ കുടുംബത്തിൽ ചേർന്നു.’– തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബംഗാളിൽ, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വീണ്ടും അധികാരത്തിൽ വന്നശേഷം പാർട്ടിയിലെത്തുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുൽ സുപ്രിയോ. ഇതിനുമുൻപു നാല് ബിജെപി എംഎൽഎമാർ പാർട്ടിവിട്ടു തൃണമൂലിൽ ചേർന്നിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ പിന്നണി ഗായകൻ എന്ന നിലയിൽ പ്രശസ്തനായ ബാബുൽ സുപ്രിയോ, പ്രാദേശിക സിനിമകള്‍ക്കായും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2014ലാണു ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

അതേവർഷം നടന്ന പൊതുതിര‍ഞ്ഞെടുപ്പിൽ ബംഗാളിലെ അസൻസോളിൽനിന്നു വിജയിച്ചതോടെ കേന്ദ്രമന്ത്രിയായി. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നെങ്കിലും ജൂലൈയിൽ നടന്ന പുനഃസംഘടനയിൽ സ്ഥാനം നഷ്ടമായി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ടോളിഗുഞ്ച് മണ്ഡലത്തിൽനിന്നു ജനവിധി തേടിയ സുപ്രിയോ 50,000ൽ അധികം വോട്ടുകൾക്കു പരാജയപ്പെട്ടു.

English Summary: BJP MP Babul Supriyo joins TMC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com