ADVERTISEMENT

തിരുവനന്തപുരം ∙ കുടുംബശ്രീ കൂടുതൽ ചെറുപ്പമാകാൻ ഒരുങ്ങുന്നു. യുവതികളുടെ സാമൂഹിക, സാംസ്കാരിക, ഉപജീവന ഉന്നമനത്തിന് പുതുഇടം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ ഓക്സിലറി (സഹായ) ഗ്രൂപ്പുകൾ രൂപീകരിക്കും. ഒക്ടോബർ രണ്ടു മുതൽ പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും. കുടുംബശ്രീ രൂപീകരിച്ച് 23 വർഷം പൂർത്തിയാകുമ്പോൾ കുടുംബശ്രീക്ക് സമാനമായ രീതിയിൽ ചൈതന്യവത്തായ യുവനിരയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

നിലവിൽ 45 ലക്ഷത്തിലേറെ വനിതകൾ

നിലവിൽ 45 ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളാണ്. എന്നാൽ ഇവരിൽ 18നും 40നും ഇടയിൽ പ്രായം ഉളളവർ 10% മാത്രം. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം എന്നു പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ രണ്ടാമത് ഒരാൾക്ക് അംഗത്വവും ലഭിക്കില്ല. ഇക്കാരണങ്ങളാൽ കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം യുവതികൾക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഫലങ്ങൾ ലഭ്യമാകുന്നില്ലെന്നു സർക്കാർ വിലയിരുത്തിയിരുന്നു.

ഈ പരിമിതികൾ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയിൽ കൊണ്ടുവരാനും സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം. അഭ്യസ്തവിദ്യരായ യുവതികൾക്ക് നൂതനമായ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുകയും വിവിധ തൊഴിൽ രംഗങ്ങളിൽ മുന്നേറാൻ കഴിയും വിധം അവരെ നൈപുണ്യം ഉള്ളവരാക്കി മാറ്റുകയും ചെയ്യാനാകും.

സ്ത്രീധന പീഡനം ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവിധ സാമൂഹ്യപ്രശ്നങ്ങളെ കുറിച്ച് സംവദിക്കാനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള കരുത്തുറ്റ വേദികളായി ഓക്സിലറി ഗ്രൂപ്പുകളെ രൂപപ്പെടുത്തും. സമൂഹത്തിലെ ഇടപെടൽ ശേഷി വർധിപ്പിക്കുന്നതും സർഗശേഷിയെ പരിപോഷിപ്പിക്കുന്നതും അടക്കമുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന പൊതുവേദി എന്ന നിലയ്ക്ക് ഇവരുടെ വ്യക്തിത്വത്തിന്റെ സമഗ്രവികാസമാണ് ഓക്സിലറി അയൽക്കൂട്ടങ്ങൾ വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്.

യുവ ഗ്രൂപ്പിൽ 18 മുതൽ 40 വയസ്സ് വരെയുള്ളവർ

പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുക. വാർഡു തലത്തിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റികളുടെ (എഡിഎസ്) നേതൃത്വത്തിലാകും ഇത്. ഒരു വാർഡിൽ ഒരു ഗ്രൂപ്പു വീതം 20,000 ഗ്രൂപ്പുകളെങ്കിലുമാണു ലക്ഷ്യം. 

പരമാവധി 50 പേരാകും ഒരു ഗ്രൂപ്പിൽ. കൂടുതൽ പേർ മുന്നോട്ടു വരുന്ന മുറയ്ക്ക് ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കാനാകും. ജനാധിപത്യ രീതിയിലാവും ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതലകൾ വഹിക്കുന്ന നാലു പേർ കൂടി ഉണ്ടാകും. ഗ്രൂപ്പ് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മാർഗരേഖയുടെ പ്രകാശനവും മന്ത്രി എം.വി.ഗോവിന്ദൻ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യയ്ക്കു നൽകി നിർവഹിച്ചു.

English Summary: Kudumbashree to start new auxiliary groups for young women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com