നിരപരാധിത്വം കാലം തെളിയിക്കും, മുന്നോട്ടുള്ള യാത്ര തുടരും: സോനു സൂദ്
Mail This Article
ന്യൂഡൽഹി∙ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ആദ്യ പ്രതികരണവുമായി ബോളിവുഡ് നടൻ സോനു സൂദ്. തന്റെ ഫൗണ്ടേഷന്റെ പേരിലുള്ള ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനുമുള്ളതാണ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുദിവസമായി അതിഥികളെ വരവേൽക്കുന്നതിൽ (ആദായ നികുതി വകുപ്പ്) തിരക്കിലായിരുന്നുവെന്നും നടൻ അറിയിച്ചു.
"ഓരോ ഇന്ത്യക്കാരന്റെയും നല്ല മനസ്സുകൊണ്ട് അതികഠിനമായ പാത പോലും എളുപ്പമായി തോന്നാം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ വിശദീകരണം ട്വിറ്ററിൽ കുറിച്ചത്. " എന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനും കാത്തിരിക്കുന്നു. ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ ലഭിക്കുന്ന സംഭാവനകൾ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു."- സോനു പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി തിരിക്കലായിരുന്നുവെന്നും നിങ്ങളെ സേവിക്കാനായി താൻ തിരിച്ചെത്തിയെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. തന്റെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സോനുവിന്റെ ട്വീറ്റിനെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ശക്തനായെന്നും ദശലക്ഷം ഇന്ത്യക്കാർക്ക് താങ്കൾ ഹീറോയാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കുറിച്ചത്.
സോനു സൂദ്, 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറയുന്നു. സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ സജീവമാണു സോനു സൂദ്. എന്നാൽ, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേൽവിലാസം നൽകിയത്.
English Summary: Sonu Sood breaks silence after I-T surveys, says time will tell his story