ADVERTISEMENT

കൊച്ചി∙ ‘അംഗൻവാടി മുതലുള്ള ക്ലാസുകൾ ഒക്ടോബർ ആദ്യം തന്നെ തുറക്കണം. മാതാപിതാക്കളും അധ്യാപകരും പേടിക്കേണ്ടതില്ല’ – ഇതു പറയുന്നത് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മുൻ പ്രഫസറുമായ ഡോ. ടി. ജേക്കബ്‌ ജോൺ. കോവിഡ് ഭീതി പാടേ അകന്നിട്ടില്ലാത്ത സാഹചര്യത്തിൽ സ്കൂളുകൾ നവംബറിൽ തുറക്കുമെന്ന സർക്കാർ പ്രഖ്യാപനം ആശങ്ക ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിൽ ഇപ്പോൾ കോവിഡ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി ആശങ്കയ്ക്കു പ്രസക്തിയില്ല. കുട്ടികളെ ആരോഗ്യ പാഠങ്ങൾ പഠിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്ക അകറ്റാൻ സർക്കാർ ഒരു സംവിധാനം ഒരുക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി ആരോഗ്യ വകുപ്പു മന്ത്രിയോ മുഖ്യമന്ത്രിയോ മാതാപിതാക്കളെ അറിയിക്കുകയാണു വേണ്ടത്. സ്കൂളിൽ പോകുന്ന എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ എടുത്തിട്ടുണ്ടാകണം. വാക്സീൻ എടുക്കാൻ തയാറാകാത്ത മാതാപിതാക്കളുടെ കാര്യത്തിൽ തീരുമാനം വേണ്ടി വരും. പക്ഷെ കേരളത്തിൽ അങ്ങനെ ഉണ്ടാവില്ല. പിന്നെ എന്തിനു പേടിക്കണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

School-Students-1248-18
സ്കൂള്‍ വിദ്യാർഥികൾ

ചെറിയ ക്ലാസുകളിൽ വരുന്നത് നികത്താനാവാത്ത നഷ്ടം 

അംഗൻവാടി, പ്രൈമറിക്ലാസ് പ്രായത്തിൽ കുട്ടികൾക്ക് ഒന്നും പേടിക്കാനില്ല. സ്കൂളിലെ ജീവനക്കാരും അധ്യാപകരും ഉൾപ്പടെ എല്ലാ അധ്യാപകരും നിർബന്ധമായും വാക്സിനേറ്റഡ് ആയിരിക്കണം. അത് ഉറപ്പാക്കല്‍ സർക്കാരിന്റെ ജോലിയാണ്, എല്ലാ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ ജോലിയാണ്. ഇത്രയും സംഗതികൾ തയാറായിക്കഴിഞ്ഞാൽ സർക്കാർ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കണം. കുട്ടികൾ സ്കൂളിൽ പോകുക എന്നത് അവരുടെ ഭാവിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രാഥമിക ക്ലാസുകളിൽ ഒരു വർഷം കുട്ടിക്കു നഷ്ടപ്പെടുന്നത് ഉയർന്ന ക്ലാസുകളിൽ മൂന്നു വർഷം നഷ്ടമാകുന്നതിനു തുല്യമാണ്. അതുകൊണ്ടു തന്നെ പ്രൈമറി ക്ലാസുകൾ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ട്. 

വീട്ടിലാണ് രോഗസാധ്യത; സ്കൂളിലല്ല

കുട്ടികൾക്കു രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതൽ വീടുകളിലാണ്, സ്കൂളുകളിലല്ല. വീട്ടിൽ താമസിക്കുമ്പോൾ അവിടെ അയൽവാസികൾ വരും, മാതാപിതാക്കൾ പുറത്തു പോകും അങ്ങനെ രോഗം പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലുണ്ട്. അതേസമയം സ്കൂളിൽ കുട്ടികൾ മാത്രമാണുള്ളത്. ക്ലാസുകൾ ആരംഭിക്കാൻ നവംബർ വരെ കാത്തിരിക്കുന്നത് വളരെ വൈകിപ്പോകുന്നു എന്നാണ് അഭിപ്രായം. നമുക്ക് ഇപ്പോൾ തന്നെ തുറക്കാമായിരുന്നു. കേരളത്തിൽ രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനി പെട്ടെന്നു കുറയുന്ന സാഹചര്യമുണ്ടാകും. കണക്കു പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ സെക്കൻഡ് ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പേടിക്കേണ്ടതില്ല. 

മിസ്ക് പോലെയുള്ള ഭീഷണികൾ

കോവിഡ് വരുന്ന കുട്ടികൾക്ക് മൾട്ടി സിസ്റ്റം ഇൻഫ്ലമറേറ്ററി സിൻഡ്രം(മിസ്ക്) വരുന്നു എന്നതു പോലെയുള്ള പ്രചാരണത്തിൽ കാര്യമില്ല. അതു കോവിഡ് വരാത്ത കുട്ടികൾക്കും വരാവുന്നതാണ്. കാവാസാക്കി എന്നാണ് ആ രോഗത്തിന്റെ പേര്. ഇതു പേടിച്ചു സ്കൂളിൽ വിടാതിരിക്കണ്ട കാര്യമില്ല. വളരെ ചെറിയ അപായസാധ്യത മാത്രമാണ് ഇതിലുള്ളത്. അവഗണിക്കാവുന്ന അപായസാധ്യത മാത്രം. കുട്ടികൾക്കു കോവിഡ് വരാതിരിക്കാനാണ് മാതാപിതാക്കളെയും സ്കൂൾ ജീവനക്കാരെയും നിർബന്ധമായും വാക്സിനേറ്റു ചെയ്തിട്ടുണ്ടാകണം എന്നു നിർദേശിക്കുന്നത്. 

കുട്ടികൾക്കു പരിശീലനം നൽകണം

സ്കൂൾ തുറക്കും മുമ്പു കുട്ടികൾക്ക് ഒരു പരിശീലനം വേണ്ടി വരും. കോവിഡ് എന്താണെന്ന് അവർക്കു പറഞ്ഞു നൽകണം. എന്തുകൊണ്ടാണ് അകലം പാലിക്കുന്നത് എന്നതിന്റെ പാഠങ്ങൾ പഠിപ്പിക്കണം. സ്കൂളിൽ മുഴുവൻ സമയവും മാസ്ക് വയ്ക്കാൻ പരിശീലിപ്പിക്കണം. ശാരീരികമായ പരിശീലനങ്ങൾ ഈ സമയം ആവശ്യമില്ല. ഭക്ഷണം തുറന്ന സ്ഥലത്തു നൽകണം. കുട്ടികൾക്കായി പാലിച്ചിരിക്കേണ്ട പ്രോട്ടോക്കോൾ തയാറാക്കി സ്കൂളുകൾക്ക് സർക്കാർ അയയ്ക്കണം. ഇതൊക്കെ ചെയ്താലും കുട്ടികളായതിനാൽ ഇടയ്ക്കെങ്കിലും അവർ ഇടപഴകും, കെട്ടിപ്പിടിക്കും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കാൻ പരിശീലിപ്പിക്കണം. 

ഈ സമയം കുട്ടികളെ ആരോഗ്യ പാഠങ്ങൾ പഠിപ്പിക്കാൻ പറ്റിയ അവസരമായാണ് കാണേണ്ടത്. അത് പ്രായോഗികമാക്കണം എന്നത് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും അറിഞ്ഞിരിക്കണം. വൈറസ് എന്താണെന്ന് ആർക്കും അറിയാതിരുന്നിടത്ത് ഇപ്പോൾ എല്ലാവരും പഠിച്ചിട്ടുണ്ട്. അതുപോലെ കുട്ടികളെയും പഠിപ്പിക്കണം – ഡോ. ടി. ജേക്കബ്‌ ജോൺ പറയുന്നു.

Content Highlights: Kerala school opening, virology expert dr. T Jacob John responding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com