ADVERTISEMENT

ന്യൂഡൽഹി ∙ ഗർഭിണിയായ കിർഗിസ്ഥാൻ യുവതിയെയും ഒരു വയസ്സുള്ള മകനെയും ഡൽഹി കൽക്കാജി പ്രദേശത്തെ സുഹൃത്തിന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മിഷ്കൽ സുമാബാവാ (28), മകൻ മാനസ് എന്നിവരാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനെ തുടർന്നാണു യുവതി സുഹൃത്തിന്റെ വീട്ടിലേക്കു വന്നത്.

5 മാസം ഗർഭിണിയായിരുന്നു മിഷ്കൽ. ഭർത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റർ കൈലാഷിലായിരുന്നു ദമ്പതികളുടെ താമസം. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഗെസ്റ്റ് ഹൗസുകൾ നടത്തുന്നയാളാണു വിനയ്. കിടക്കയിൽ യുവതിയുടെ മൃതദേഹത്തിനു തൊട്ടടുത്താണു മകന്റേയും മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ വനിതാ സുഹൃത്തിന്റെ വീട്ടിലാണു സംഭവമുണ്ടായത്. വിനയ് ആണു കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതെന്നു പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

‘യുവതിയും കുഞ്ഞും കൊല്ലപ്പെട്ടെന്ന ഫോൺ കോൾ കിട്ടിയതനുസരിച്ചാണു പൊലീസ് കൽക്കാജിയിലെ സംഭവസ്ഥലത്ത് എത്തിയത്. മുറിവുകളോടെ ചോരയൊലിച്ചു കിടക്കുന്ന മൃതദേഹങ്ങളാണു കിടക്കയിൽ കണ്ടെത്തിയത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്, പിടികൂടാനുള്ള ശ്രമത്തിലാണ്. കൊലപാതകത്തിന്റെ കാരണമെന്തെന്നും അന്വേഷിക്കുന്നുണ്ട്’– ഡിസിപി ആർ.പി.മീണ പറഞ്ഞു. സ്ഥലത്തു ക്രൈം, ഫൊറൻസിക് വിഭാഗങ്ങളും പരിശോധന നടത്തി. 

പൊലീസ് പറയുന്നത്: ഗർഭവുമായി ബന്ധപ്പെട്ടു തനിക്കു വയർ വേദനിക്കുന്നതായി മിഷ്കൽ തിങ്കളാഴ്ച രാത്രി വിനയ്‌യോട് പരാതിപ്പെട്ടു. ആശുപത്രിയിൽ പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തൊട്ടുപിന്നാലെ, സുഹൃത്ത് വാഹിദിനെ കാണാനായി വിനയ് വീട്ടിൽനിന്നു പുറത്തുപോയി. ഇതേസമയം, മിഷ്കൽ തന്റെ സുഹൃത്ത് മത്‌ലുബ മദുസ്മോനോവയെ വിളിച്ചുവരുത്തി. മറ്റൊരു സുഹൃത്ത് അവിനിഷിനൊപ്പം ആശുപത്രിയിൽ പോയി. കൽക്കാജിയിൽ താമസിക്കുന്ന ഉസ്ബെക്ക് സ്വദേശിനിയാണു മത്‌ലുബ. 

crime-scene
പ്രതീകാത്മക ചിത്രം

ആശുപത്രി സന്ദർശനത്തിനുശേഷം, മിഷ്കലിനെയും മകനെയും മത്‌ലുബ തന്റെ വീട്ടിലേക്കു കൊണ്ടുവന്നു. മത്‌ലുബയുടെ ഫ്ലാറ്റ്‌മേറ്റും ഇവിടെയുണ്ടായിരുന്നു. രണ്ടു പൊതുസുഹൃത്തുക്കൾ രാത്രിയിൽ ഇവരെ വന്നു കണ്ടു മടങ്ങുകയും ചെയ്തു. ആശുപത്രിയിൽ പോയതിനെപ്പറ്റിയും സുഹൃത്തിന്റെ വീട്ടിലേക്കു വന്നതിനെക്കുറിച്ചും മിഷ്കൽ ഭർത്താവുമായി ഫോണിൽ സംസാരിച്ചു. അതിനുശേഷമാണു മിഷ്കലും മകനും കൊല്ലപ്പെട്ടത്. വീടിനു പരിസരത്തു സിസിടിവി ഇല്ല. സംഭവത്തിൽ പുറമേനിന്നാരും ഇടപെട്ടിട്ടില്ലെന്നാണു കരുതുന്നതെന്നു പൊലീസ് അഭിപ്രായപ്പെട്ടു.

English Summary: Pregnant Kyrgyz Woman, Son Found Murdered At Delhi Home: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com