ADVERTISEMENT

കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മൊഴി സത്യമല്ലെന്ന് ക്രൈംബ്രാഞ്ച്. തിരഞ്ഞെടുപ്പ് സമയത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ വിളിച്ചു എന്ന് പറയപ്പെടുന്ന  മൊബൈൽ ഫോൺ തന്റെ കൈവശമില്ലെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നത് ശരിയല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കെ.സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെയൊരു ഫോൺ സുരേന്ദ്രൻ ഹാജരാക്കിയിരുന്നില്ല. പൊലീസ് അവകാശപ്പെടുന്നതുപോലെ ഒരു ഫോൺ ഇല്ല എന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ സുരേന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കുന്നു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഈ ഫോൺ ഉടൻ ഹാജരാക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ തയാറാക്കിയ താളിപ്പടപ്പിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ കെ.സുരേന്ദ്രന് പുറമേ ബിജെപി നേതാക്കളായ ആറു പേരെ കൂടി പ്രതിച്ചേർത്തുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 

English Summary: Manjeshwaram bribery case: K Surendran's statements are incorrect, says Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com