സോണിയ പ്രധാനമന്ത്രി ആകണമായിരുന്നു; കമല ഹാരിസിനെ പോലെ: കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസിന്റെ നേതൃത്വത്തിൽ 2004ൽ യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമായിരുന്നെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൻമോഹൻ സിങ്ങിനു പകരം എൻസിപി നേതാവ് ശരദ് പവാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘2004ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ സോണിയ പ്രധാനമന്ത്രിയാകണമായിരുന്നു. കമല ഹാരിസിന് യുഎസ് വൈസ് പ്രസിഡന്റ് ആകാമെങ്കിൽ എന്തുകൊണ്ട് സോണിയയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആയിക്കൂടാ? സോണിയയ്ക്ക് ഇന്ത്യൻ പൗരത്വമാണുള്ളത്. കൂടാതെ ലോക്സഭാ അംഗവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയുമാണ്.’- അഠാവ്‌ലെ പറഞ്ഞു.
സോണിയ വിദേശിയാണെന്ന തരത്തിലുള്ള ചർച്ചകൾ അർഥശൂന്യമാണ്. പ്രധാനമന്ത്രിയാകാൻ സോണിയയ്ക്ക് താൽപര്യമില്ലെങ്കിൽ മൻമോഹനു പകരം ശരദ് പവാറിനെ തിരഞ്ഞെടുക്കണമായിരുന്നു. എന്നാൽ കോൺഗ്രസ് അതു ചെയ്തില്ല. അന്ന് പവാർ അധികാരത്തിലെത്തിയിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.
English Summary: Sonia Gandhi Should've Made Sharad Pawar PM, Not Manmohan Singh, says Ramdas Athawale