മണിയാര്‍ ബാരേജിലും മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിർദേശം
Mail This Article
പത്തനംതിട്ട ∙ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെ.മീ എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തേക്കു ഒഴുക്കിവിടുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കും.
മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ പരമാവധി 150 സെ.മീ എന്ന തോതില്‍ ഉയര്‍ത്തിയേക്കും. ഷട്ടറുകള്‍ ഉയർത്തുന്നതിനാൽ കക്കാട്ടാറിലും പമ്പയാറിലും 100 സെ.മീ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, ആങ്ങമൂഴി, സീതത്തോട്, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്‌സനുമായ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. കാറ്റില്‍ മരങ്ങള്‍ കടപുഴകാനും വൈദ്യുത പോസ്റ്റുകൾ മറിഞ്ഞുവീഴാനും സാധ്യതയുണ്ട്.
അണക്കെട്ടുകൾക്കു സമീപം താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിതാമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.
English Summary: Water Level rises in Maniyar Barrage and Moozhiyar Dam