ഗ്രൂപ്പുകാരെ വീണ്ടും അംഗീകരിച്ചാൽ കോൺഗ്രസ് വിടും: ടി.എച്ച്. മുസ്തഫ
Mail This Article
കൊച്ചി ∙ ഗ്രൂപ്പുകാരെ അംഗീകരിച്ച് കേരളത്തിലെ കോൺഗ്രസ് പ്രവർത്തനം തുടർന്നാൽ പാർട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്.മുസ്‌തഫ. മുതിർന്ന നേതാക്കന്മാരുമായി കെപിസിസി, ഡിസിസി പുനഃസംഘടന ആലോചിച്ചില്ലെന്ന് ഇപ്പോൾ പരാതിപ്പെട്ട് ബഹളം കൂട്ടി ഹൈക്കമാൻഡിനെ ഭീഷണിപ്പെടുത്തുന്നവർ കഴിഞ്ഞ കാലങ്ങളിൽ എന്താണ് ചെയ്തതെന്ന് മുസ്തഫ വാർത്താക്കുറിപ്പിൽ ചോദിച്ചു.
വി.എം.സുധീരൻ പ്രസിഡന്റ് ആയിരുന്നപ്പോൾ സുധീരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രം ആലോചിച്ചാണ് എല്ലാം ചെയ്തത്. മുല്ലപ്പള്ളി രാമചന്ദ്രനും അതുപോലെ തന്നെ ആയിരുന്നു. മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരോട് ആരോടും ഒന്നും ആലോചിച്ചിരുന്നില്ല. എന്നോടും ഒന്നും ആലോചിച്ചിട്ടില്ല. ഈ മൂവർ സംഘം ലിസ്റ്റ് ഉണ്ടാക്കി ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങാറാണു പതിവ്.
എ.കെ.ആന്റണി കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരോടും ആലോചിച്ച് ആണ് കാര്യങ്ങൾ ചെയ്തിരുന്നത്. ഐ യുടെ നേത്യത്വം സ്വയം ഏറ്റെടുത്ത് വീതം വയ്പ് നടത്തിയ രമേശ് യഥാർത്ഥ ഐ യുടെ കൺവീനറായ എന്നോടോ, കെ. കരുണാകരന്റെ മകനായ മുരളീധരനോടോ ഒരു കാര്യവും ആലോചിച്ചിട്ടില്ലെന്നും മുസ്തഫ വിശദീകരിച്ചു.
കെ.സുധാകരനും വി.ഡി സതീശനും അതീതമായി പുനഃസംഘടന നടത്താൻ ശ്രമിക്കുമ്പോൾ ഇവർ ഗ്രൂപ്പുകാരെ അതിൽ തിരുകി കയറ്റി ജംബോ കമ്മിറ്റികൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ കോൺഗ്രസുകാരുടെ പിന്തുണ ഇല്ല ഹൈക്കമാൻഡ് കേരളത്തിലെ പ്രശ്നങ്ങൾ ശരിക്കും പഠിച്ച് കേരളത്തിലെ ഗ്രൂപ്പുകൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചില്ലെങ്കിൽ ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സിന് തൊട്ടുമുമ്പ് ഉണ്ടായ തിരഞ്ഞെടുപ്പിന്റെ അവസ്ഥ തന്നെ ആകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് സ്ഥാനാർഥി നിർണ്ണയവും മുതിർന്ന പ്രവർത്തകരോട് ആലോചിച്ച് അല്ല നടന്നത്. പൊളിറ്റിക്കൽ അഫയേഴ്സ കമ്മിറ്റിയും കൂടിയില്ല. ഹൈക്കമാൻഡ് നിയോഗിച്ച ഇലക്‌ഷൻ കമ്മിറ്റിയും കൂടിയില്ല, അതുകൊണ്ടാണ് കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്തഫ പറഞ്ഞു.
English Summary: TH Mustafa on congress politics