ADVERTISEMENT

വാഷിങ്ടന്‍: ഫെയ്‌സ്ബുക്കിന് എതിരെ ഉയര്‍ന്ന അതിരൂക്ഷമായ ആരോപണങ്ങള്‍ തള്ളി കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സുരക്ഷയേക്കാള്‍ ലാഭത്തിനാണ് ഫെയ്‌സ്ബുക്ക് പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശരിയല്ലെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയസ്്ബുക്ക് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും കുട്ടികള്‍ക്കു ദോഷകരമാണെന്നും മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്‍ ആരോപിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ചു പഠിക്കുന്ന ടീമിലെ പ്രോഡക്ട് മാനേജര്‍ ആയിരുന്നു ഹോഗന്‍. 

ലാഭത്തിനായി, ആളുകള്‍ക്കു ദേഷ്യമുണ്ടാക്കുന്ന ഉള്ളടക്കം നല്‍കുന്നുവെന്ന വിമര്‍ശനം യുക്തിരഹിതമാണെന്ന് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്കായി എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ആളുകളില്‍ വിഷാദവും ദേഷ്യവും സൃഷ്ടിക്കുന്ന ഉല്‍പ്പന്നം ഏതെങ്കിലും ടെക്ക് കമ്പനി പുറത്തുവിടുമെന്ന് താന്‍ കരുതുന്നില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഏകദേശം 44,732 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കര്‍ബര്‍ഗിനുണ്ടായത്. ഫെയ്‌സ്ബുക്കും അവരുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും സമൂഹത്തെക്കാളുപരി ലാഭത്തിനു പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്റെ വെളിപ്പെടുത്തല്‍. 

അനുചിതമായ ഉള്ളടക്കം കണ്ടെത്തിയിട്ടും നീക്കം ചെയ്യുകയോ, ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും ഹോഗന്‍ ആരോപിച്ചു. ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യം തകര്‍ക്കുന്നതാണ്. ഇന്‍സ്റ്റഗ്രാം കിഡ്‌സ് പുറത്തിറക്കാന്‍ നടത്തിയ ശ്രമം ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നുവെന്നും ഹോഗന്‍ കുറ്റപ്പെടുത്തിയിരുന്നു. ഹോഗന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് 7 മണിക്കൂര്‍ നീണ്ട സാങ്കേതികത്തകരാറില്‍ ഫെയ്‌സ്ബുക് സേവനങ്ങള്‍ ഒന്നാകെ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഫെയ്‌സ്ബുക് ഓഫിസുകളുടെ പ്രവര്‍ത്തനവും നിശ്ചലമായിരുന്നു. ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഒക്യുലസ് എന്നിങ്ങനെ ഫെയ്‌സ്ബുക് കുടക്കീഴിലെ സേവനങ്ങളെല്ലാം ഇന്റര്‍നെറ്റില്‍നിന്നു മറഞ്ഞത് ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 9.09നാണ്. 

മുന്‍പ് ഇത്തരം തകരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അസാധാരണമായിരുന്നു. ഫെയ്‌സ്ബുക് സേവനങ്ങള്‍ ഇന്റര്‍നെറ്റുമായുള്ള എല്ലാ ബന്ധവും വിഛേദിച്ച് അപ്രത്യക്ഷമായതു കമ്പനി ഓഫിസുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. പഞ്ച് ചെയ്യാനാവാതെ ജീവനക്കാര്‍ ഓഫിസിനു പുറത്തു കാത്തുനിന്നു. അകത്തുള്ളവരാകട്ടെ സ്വന്തം കംപ്യൂട്ടറില്‍ ജോലി ചെയ്യാനോ സെര്‍വര്‍ മുറിയിലേക്കോ കോണ്‍ഫറന്‍സ് മുറിയിലേക്കോ പ്രവേശിക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടു. ഫെയ്‌സ്ബുക് ഇതര സേവനങ്ങള്‍ ഉപയോഗിച്ചാണ് ജീവനക്കാര്‍ ആശയവിനിമയം നടത്തിയത്. ഉപയോക്താക്കള്‍ കൂട്ടത്തോടെ മറ്റു പ്ലാറ്റ്‌ഫോമുകളിലേക്കു ചേക്കേറിയതോടെ ഗൂഗിള്‍, ട്വിറ്റര്‍, സിഗ്‌നല്‍, ടെലഗ്രാം തുടങ്ങിയ സേവനങ്ങളും ഇഴഞ്ഞു.

വിസിൽബ്ലോവർ ഫ്രാൻസസ് ഹോഗൻ. ചിത്രം: Robert Fortunato / CBS News/ 60MINUTES / AFP
ഫ്രാന്‍സസ് ഹോഗന്‍

ബോര്‍ഡര്‍ ഗേറ്റ്‌വേ പ്രോട്ടോക്കോളുമായി (ബിജിപി) ബന്ധപ്പെട്ട പ്രശ്‌നമാണ് ഫെയ്‌സ്ബുക്കിനു തിരിച്ചടിയായത്. സംഭവത്തില്‍ സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി ഫ്രാന്‍സെസ് ഹോഗന്‍ കമ്പനിക്കെതിരെ രംഗത്തുവന്നു മണിക്കൂറുകള്‍ക്കുള്ളിലാണു സേവനങ്ങള്‍ തടസ്സപ്പെട്ടതെന്നതു കൗതുകമായി. ഫെയ്‌സ്ബുക്കിന്റെ ഓഹരി 5% ഇടിഞ്ഞു.

English Summary: "Not True": Zuckerberg Denies Facebook Prioritising Profits Over Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com